FeaturedNews

‘ജേതാക്കള്‍ക്ക് ആഘോഷമാവാം’; അഞ്ച് സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളില്‍ ഇളവ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ ആഘോഷ പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ്. അതാത് സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി പരിഗണിച്ച് ആഘോഷങ്ങളാവാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉത്തര്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. ഇതില്‍ പഞ്ചാബ് ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലേക്ക് നീങ്ങുകയാണ്.

വോട്ടെണ്ണലിനിടയിലും അതിനു ശേഷവുമുള്ള ആഘോഷപരിപാടികള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുകയാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ, രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് കലാശക്കൊട്ടും ആഘോഷ പരിപാടികളുമൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിരുന്നു.

അതേസമയം, ഗോവയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെ പി കേന്ദ്ര നേതൃത്വം. ഗോവയിലെ ബിജെ പി യുടെ ചുമതലയുള്ള സി ടി രവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശിക പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ബി ജെ പി സര്‍ക്കാരുണ്ടാകുമെന്ന് ബി ജെപി യുടെ മറ്റൊരു നേതാവ് സദാനന്ദ് തനാവദെയും അറിയിച്ചു. ബിജെപി നേതാക്കള്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയെ സര്‍ക്കാര്‍ രൂപീകരണ ചര്‍ചര്‍ച്ചയ്ക്കായി കാണാന്‍ സമയം തേടി. ഇതോടെ ഗോവയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും സാധ്യതയേറുകയാണ്. കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയുണ്ടാകും.

ഗോവയില്‍ 21 സീറ്റാണ് അധികാരത്തിലെത്താന്‍ വേണ്ടത്. 19 സീറ്റില്‍ ബിജെ പി മുന്നിലാണ് 12 സീറ്റില്‍ കോണ്‍ഗ്രസും പിന്നാലെയുണ്ട്. ആം ആദ്മി പാര്‍ട്ടി രണ്ടിടത്തും മറ്റ് പാര്‍ട്ടികളെല്ലാം ചേര്‍ന്ന് ഏഴിടത്തും ലീഡ് ചെയ്യുന്നു. ഇതിനിടയില്‍ ഗോവയില്‍ കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം ചേരുക. ഗോവയില്‍ അത്രയധികം ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ സാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്.

മണിപ്പൂര്‍ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, നിലവിലെ മുഖ്യമന്ത്രി ബി.ജെ.പി.യിലെ എന്‍ ബിരേന്‍ സിംഗ് ഹീന്‍ഗാംഗ് മണ്ഡലത്തില്‍ നിന്ന് 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ പി.ശരത്ചന്ദ്ര സിംഗിനെ പരാജയപ്പെടുത്തി. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി 28 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു, കോണ്‍ഗ്രസ് 9 സീറ്റുകളില്‍ മുന്നിലാണ്.

നേരത്തെ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഇംഫാലിലെ ശ്രീ ഗോവിന്ദജീ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം സമാധാനത്തോടെയും വികസനത്തോടെയും നിലനിന്നു. വരാനിരിക്കുന്ന അഞ്ച് വര്‍ഷവും അതുപോലെ തുടരുമെന്നും, പൂര്‍ണ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും, ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം തൗബാല്‍ ജില്ലയില്‍ മുന്‍ മുഖ്യമന്ത്രി ഇബോബി സിംഗ് 1225 വോട്ടിന് മുന്നിട്ട് നില്‍ക്കുന്നു. 2017ലെ തെരഞ്ഞെടുപ്പില്‍ തൗബാല്‍ അസംബ്ലി മണ്ഡലം ഐഎന്‍സി സ്ഥാനാര്‍ത്ഥി ഒക്രെയ്ം ഇബോബി സിംഗ് വിജയിച്ചു എന്നത് ശ്രദ്ധേയമാണ്. കൂടാതെ, ഹീറോക്ക് നിയമസഭാ മണ്ഡലത്തിലും ബിജെപി ലീഡ് ചെയ്യുന്നു. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ 2022-ല്‍ ബിജെപി 28 സീറ്റുകളിലും കോണ്‍ഗ്രസ് 9, ജെഡിയു 3, ആര്‍പിഐ(എ) 1, എന്‍പിഎഫ് 6, എന്‍പിപി 10, മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.

2022 ഫെബ്രുവരി 28, മാര്‍ച്ച് 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. തപാല്‍ ബാലറ്റുകളുടെ കണക്കുകൂട്ടലോടെയാണ് വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിച്ചത്. പോളിങ് സ്റ്റേഷനുകളില്‍ ആകെയുള്ള 3,80,480 വോട്ടുകളില്‍ 3,45,481 വോട്ടുകളാണ് ഇവിഎമ്മില്‍ രേഖപ്പെടുത്തിയതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടി.കിരണ്‍കുമാര്‍ പറഞ്ഞു. സ്ട്രോങ് റൂമുകളില്‍ 24 മണിക്കൂറും സിസിടിവി കവറേജ് ഉണ്ടെന്നും ദിവസേന പരിശോധന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button