തിരുവനന്തപുരം: വീട്ടുകാരുടെ മുന്നില്‍ വച്ച് ഹരിദാസിനെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ ഉന്നതതല ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഹരിദാസിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
ആര്‍എസ്എസും ബിജെപിയും അക്രമ രാഷ്ട്രീയം നടത്തുമ്പോള്‍ സിപിഐഎം സംയമനം ദൗര്‍ബല്യമായി കാണരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ന്യൂ മാഹിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം ആറ് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍ ആയിരുന്നു.
കൊലപാതകം നടത്തിയ സംഘത്തിലെ രണ്ട് പേരെയും ഗൂഢാലോചന കുറ്റം ചുമത്തി 4 പേരെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ വ്യക്തമാക്കിയിരുന്നു.
കൊലപാതകം നടന്ന് പത്ത് ദിവസം പിന്നിടുമ്പോഴും കൃത്യം നടത്തിയ ആളുകളെ അറസ്റ്റ് ചെയ്യാനായില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ അടക്കം ആറുപേര്‍ പിടിയിലാകുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കുറ്റത്തിന് ക്രിമിനല്‍ പശ്ചാത്തലമുള്ള ബിജെപി പ്രവര്‍ത്തകരായ പ്രജോഷ്, കൊച്ചറ ദിനേശന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.