ഡൽഹി: അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് (Elections) തിങ്കളാഴ്ച അവസാനിക്കാനിരിക്കെ മുന്നറിയിപ്പ് നല്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi). വാഹനങ്ങളിലെ ഇന്ധന ടാങ്കുകള്‍ എത്രയും നിറച്ച് വെക്കാന്‍ രാഹുല്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. വിലക്കയറ്റമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ‘നിങ്ങളുടെ ഇന്ധന ടാങ്കുകള്‍ വേഗത്തില്‍ നിറച്ച് വെക്കുക. മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുകയാണ്-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നതോടെ തെരഞ്ഞെടുപ്പിന് ശേഷം എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
യുക്രൈന്-റഷ്യ സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള എണ്ണ-വാതക വിതരണം തടസ്സപ്പെടുമെന്ന ആശങ്കയില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിന് മുകളില്‍ എത്തി. പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) വിവരമനുസരിച്ച്, മാര്‍ച്ച് ഒന്നിന് ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയില്‍ ബാരലിന് 102 ഡോളറായി ഉയര്‍ന്നു.
2014 ഓഗസ്റ്റിനു ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അടുത്തയാഴ്ച സംസ്ഥാന തിരഞ്ഞെടുപ്പ് അവസാനിക്കെ പെട്രോളിലും ഡീസലിലും വില വര്‍ധന പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് കമ്പനിയായ ജെപി മോര്ഗന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയും വോട്ടെണ്ണല്‍ 10 നും നടക്കും. രാജ്യത്ത് തുടര്‍ച്ചയായ 118 ദിവസമായി ഇന്ധനവിലയില്‍ മാറ്റമില്ല. ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ് വില.