25.5 C
Kottayam
Saturday, May 18, 2024

കളിക്കുന്നതിനിടെ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ എട്ടുവയസുകാരനെ മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി

Must read

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കളിക്കുന്നതിനിടെ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ എട്ടുവയസുകാരനെ മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മൂന്നരമണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിലൂടെയാണ് കുട്ടിയെ രക്ഷിച്ചത്. ഗോസായികുന്ന് സ്വദേശി ഷാഫിയുടെ മകന്‍ ഷിയാസാണ് പന്തെടുക്കാനുള്ള ശ്രമത്തിനിടെ കൂറ്റന്‍ കരിങ്കല്ലുകൾക്കിടയില്‍ കുടങ്ങിയത്.

സംഭവം ഇങ്ങനെ

വടകര കൈനാട്ടി മുട്ടുങ്ങല്‍ കടപ്പുറത്ത് വൈകീട്ട് അഞ്ചരയോടെ ഷിയാസ് കൂട്ടുകാരൊടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കടല്‍ ഭിത്തിക്കിടയിലേക്ക് വീണുപോയി. പന്തെടുക്കാന്‍ കൂറ്റന്‍ കരിങ്കല്ലുകൾക്കിടയിലേക്ക് ഇറങ്ങിയ ഷിയാസ് അവിടെ കുടുങ്ങി. പുറത്തിറങ്ങാനായില്ല. പ്രദേശത്തെ സ്ത്രീകളടക്കം നൂറുകണക്കിന്പേർ സംഭവമറിഞ്ഞ് സ്ഥലത്തെത്തി ഏറെ ശ്രമിച്ചെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല. തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.

വടകര എം എല്‍ എ കെ കെ രമയും സ്ഥലത്തെത്തി കാര്യങ്ങൾ ഏകോപിപ്പിച്ചു. ഇതിനിടയ്ക്ക് ഷിയാസിന് വെള്ളവും ഭക്ഷണവും നല്‍കി. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കൂറ്റന്‍ കല്ലുകൾ മാറ്റി രാത്രി ഒന്‍പത് മണിയോടെയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെങ്കിലും കൂടുതല്‍ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗോസായി കുന്ന് സ്വദേശി ഷാഫി മുബീന ദമ്പതികളുടെ മകനാണ് ഷിയാസ്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week