ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടിലൊരുങ്ങുന്ന ‘പാപ്പന്’ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ‘എബ്രഹാം മാത്യൂസ് പാപ്പന് ഐ.പി.എസ്’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കിംഗ് ആന്റ് ദി കമ്മീഷണര്‍ ചിത്രത്തിന് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് പാപ്പന്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
ഇപ്പോള്‍ തന്റെ കരിയറിലെ അടുത്ത ചിത്രത്തിന്റെ സൂചന നല്‍കിയിരിക്കുകയാണ് താരം. ‘സര്പ്രൈസിങ്ങായൊരു വെളിപ്പെടുത്തലിനായി കാത്തിരിക്കണം’ എന്നാണ് സുരേഷ് ഗോപിയുടെ കുറിപ്പ്. പത്ര കട്ടിങ്ങുകള്‍ കൊണ്ടുള്ള ഒരു കൊളാഷാണ് സുരേഷ് ഗോപി പങ്കുവെച്ചത്. ഇതാണ് പത്രം 2 വിനെ കുറിച്ചാണോ താരം ഉദ്ദേശിച്ചത് എന്ന സംശയം ആരാധകരില്‍ ഉണ്ടാക്കിയത്.
1999ല്‍ ജോഷി സംവിധാനം ചെയ്ത് രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘പത്രം’. താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രം സൂചിപ്പിക്കുന്നത് പത്രം സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചാണോ എന്നാണ് ആരാധകരുടെ സംശയം.
രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ തന്നെ ആയിരിക്കുമെന്നും സംവിധാനം ജോഷി തന്നെ ആയിരിക്കുമെന്നാണ് ചിലരുടെ കമന്റുകള്‍. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.