വാരണാസി: മഹാശിവരാത്രി പൂജകള്‍ക്കായി കാശി വിശ്വനാഥ ക്ഷേത്ര ശ്രീകോവിലിന്റെ ഉള്‍ഭാഗം അലങ്കരിച്ചത് സ്വര്‍ണം ഉപയോഗിച്ച്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചുവരുകളും താഴികക്കുടത്തിന്റെ താഴ്ന്ന ഭാഗവുമാണ് സ്വര്‍ണം കൊണ്ട് അലങ്കരിച്ചത്.
ശ്രീകോവിലിന്റെ ചുവരുകളില്‍ പൂശിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാ ബെന്നിന്റെ ഭാരത്തിന് തുല്യമായ സ്വര്‍ണ്ണമാണ്. ദക്ഷിണേന്ത്യന്‍ വ്യവസായിയാണ് ക്ഷേത്രത്തിനായി 60 കിലോ സ്വര്‍ണം സംഭാവന നല്‍കിയത്. ഇതില്‍ നിന്നുള്ള 37 കിലോ സ്വര്‍ണ്ണമാണ് ശ്രീകോവിലില്‍ ഉപയോഗിച്ചത്. ഗുജറാത്തില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിയ വിദഗ്ധരാണ് അലങ്കാരപ്പണികള്‍ ചെയ്തത്. 23 കിലോ സ്വര്‍ണം കൊണ്ടാണ് താഴികക്കുടത്തിന്റെ താഴ്ഭാഗം അലങ്കരിച്ചത്.
കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് ശ്രീകോവിലില്‍ സ്വര്‍ണം പൂശിയ വിവരം പുറത്തറിഞ്ഞത്. ശ്രീകോവിലിന്റെ ഉള്‍വശത്ത് പൂശാന്‍ ഉപയോഗിച്ച സ്വര്‍ണത്തിന്റെ അളവ് അടുത്തിടെ 100 വയസ്സ് തികച്ച പ്രധാനമന്ത്രി മോഡിയുടെ അമ്മ ഹീരാബെന്നിന്റെ ഭാരത്തിന് തുല്യമാണെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ വ്യവസായിയാണ് സ്വര്‍ണം സംഭാവന ചെയ്തത്. എന്നാല്‍ ഇയാള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.
ക്ഷേത്രത്തിലേക്ക് സംഭാവനയായി 60 കിലോ സ്വര്‍ണം ലഭിച്ചെന്ന് വാരാണസി ഡിവിഷണല്‍ കമ്മീഷണര്‍ ദീപക് അഗര്‍വാള്‍മ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തിന് 60 കിലോഗ്രാം സ്വര്‍ണ്ണം ലഭിച്ചു. അതില്‍ 37 കിലോഗ്രാം ശ്രീകോവില്‍ അലങ്കരിക്കാന്‍ ഉപയോഗിച്ചു. ബാക്കിയുള്ള 23 കിലോ സ്വര്‍ണ താഴികക്കുടത്തിന്റെ താഴത്തെ ഭാഗം പൊതിയാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനെട്ടാം നൂറ്റാണ്ടിന് ശേഷം ക്ഷേത്രത്തിലെ സ്വര്‍ണം ഉപയോഗിച്ച് ക്ഷേത്രത്തില്‍ നടത്തുന്ന പ്രധാന പ്രവൃത്തിയാണിത്. മുഗള്‍ കാലഘട്ടത്തില്‍ കേടുപാടുകള്‍ സംഭവിച്ച ക്ഷേത്രം 1777ല്‍ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ രാജ്ഞി മഹാറാണി അഹല്യഭായ് ആണ് പുനര്‍നിര്‍മ്മിച്ചത്.
പിന്നീട് പഞ്ചാബിലെ മഹാരാജ രഞ്ജിത് സിംഗ് ക്ഷേത്രത്തിന്റെ രണ്ട് താഴികക്കുടങ്ങള്‍ സ്വര്‍ണം കൊണ്ട് പൊതിയാന്‍ ഉപയോഗിച്ച ഒരു ടണ്‍ സ്വര്‍ണം നല്‍കി. ക്ഷേത്രത്തിന്റെ നവീകരണവും വിപുലീകരണവും അടുത്തിടെയാണ് പൂര്‍ത്തിയായത്.
കാശി വിശ്വനാഥ് ധാം ഇടനാഴി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 900 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. സമീപത്തുള്ള 300ലധികം കെട്ടിടങ്ങള്‍ വാങ്ങുകയും ക്ഷേത്രത്തിന്റെ വിസ്തൃതി 2700 ചതുരശ്ര അടിയില്‍ നിന്ന് 5 ലക്ഷം ചതുരശ്ര അടിയായി വികസിപ്പിക്കുകയും ചെയ്തു.