ഡൽഹി: വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകനായ പ്രകാശാണ് കിരണിന് ഹര്‍ജി അനുവദിച്ചത്.
ഇനി വിസ്മയ കേസില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചാല്‍ മാത്രമേ കിരണിന് ജയിലില്‍ പോകേണ്ടതുള്ളൂ. വിസ്മയ കേസിന്റെ വിചാരണയില്‍ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തില്‍ ഇനി ജാമ്യം നല്‍കുന്നതില്‍ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു.
കേസിലെ വിചാരണ ആരംഭിച്ച സാഹചര്യത്തില്‍ നിരപരാധിത്തം തെളിയിക്കാനുള്ള രേഖകള്‍ ശേഖരിക്കാനും അഭിഭാഷകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറുന്നതിനും ഇടക്കാല ജാമ്യം അനുവദിക്കണം എന്നതായിരുന്നു ആവശ്യം. 105 ദിവസതിലേറെ ആയി ജയിലിലാണെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യം ഇല്ലെന്നും വാദിച്ച് കഴിഞ്ഞ ഡിസംബറില്‍ കിരണ്‍കുമാര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.
അന്ന്, വിസ്മയ ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് അടിമയായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. വിസ്മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത് പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നു എന്നും കിരണ്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍, സ്ത്രീധന പീഡനം മൂലം വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് കുരുക്കായത് വാട്ട്‌സ്ആപ്പ് വഴി വിസ്മയ നടത്തിയ ചാറ്റുകളാണ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വച്ച് വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കേരള മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കിരണിനെ പിന്നാലെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.