ഇരിങ്ങാലക്കുട: വിചാരണക്കെത്തിയ യുവതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ ആത്മഹത്യക്കു ശ്രമിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇരിങ്ങാലക്കുട കോടതിയിലാണ് സംഭവം. വിചാരണയ്ക്കെത്തിയ തൊട്ടിപ്പാള്‍ സ്വദേശിനിയായ നാല്‍പ്പത്തൊമ്പതുകാരി അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ വച്ച് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരിന്നു. ഒരാള്‍ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണയ്‌ക്കെത്തിയതായിരുന്നു സ്ത്രീ.
അടുത്തുള്ള എ.പി.പി.യുടെ ഓഫീസിലെത്തി സംസാരിക്കുന്നതിനിടെ കൈയില്‍ കരുതിയിരുന്ന ബ്ലേഡുകൊണ്ട് കൈത്തണ്ട മുറിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും ചെയ്തു. അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ പരാതിയില്‍ ആത്മഹത്യശ്രമത്തിന് ഇരിങ്ങാലക്കുട പോലീസ് ഇവരുടെ പേരില്‍ കേസെടുത്തു.