ടോക്കിയോ: യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയ്ക്കു മേല്‍ ലോകരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ആഗോള ഓഹരി വിപണികളില്‍ ഇടിവ്. റഷ്യന്‍ കറന്‍സിയായ റൂബിള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടു. നാല്‍പ്പതു ശതമാനത്തിലേറെയാണ് റൂബിളിന്റെ വില ഇടിഞ്ഞത്.
കഴിഞ്ഞയാഴ്ച റഷ്യ യൂക്രൈനെ ആക്രമിച്ചതിനു പിന്നാലെ ഓഹരി വിപണികള്‍ തകര്‍ച്ചയെ നേരിട്ടിരുന്നു. എന്നാല്‍ ഒട്ടുമിക്ക സൂചികകളും പിറ്റേന്നു തന്നെ തിരിച്ചുകയറി. എന്നാല്‍ ആക്രമണം കനത്തോടെ വിവിധ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത് ഇന്നു വിപണിയെ സമ്മര്‍ദത്തിലാക്കി. ഇന്ത്യന്‍ ഓഹരി വിപണികള്‍ ഉള്‍പ്പെടെ ലോകത്ത ഒട്ടുമിക്ക സൂചികകളും നഷ്ടത്തിലാണ്.
വെള്ളിയാഴ്ച ഡോളറിന് 84 റൂബിള്‍ എന്ന നിലയില്‍നിന്ന് റഷ്യന്‍ കറന്‍സി തകര്‍ന്നടിഞ്ഞു. 105 റൂബിളാണ് ഡോളറിനെതിരായ ഇന്നത്തെ മൂല്യം. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. റഷ്യന്‍ ഓഹരി സൂചികകളും തകര്‍ച്ചയെ നേരിടുകയാണ്.
അമേരിക്കന്‍, യൂറോപ്യന്‍ സൂചികകളിലെ തകര്‍ച്ചയ്ക്കു പിന്നാലെ ഏഷ്യന്‍ വിപണിയും നഷ്ടത്തിലെത്തി. ജപ്പാന്‍, ഹോങ്കോങ്, ചൈനീസ് സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.അതിനിടെ റഷ്യയ്ക്കു മേല്‍ ഉപരോധം പ്രഖ്യാപിച്ചതോടെ യൂറോപ്പ് കടുത്ത ഊര്‍ജ പ്രതിസന്ധിയെ നേരിടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.