കൊച്ചി: ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന രണ്ടരവയസുകാരിയെ കാണാന്‍ പിതാവെത്തി. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹമെത്തിയത്. കുട്ടിയുടെ സംരക്ഷണം പിതാവ് ആവശ്യപ്പെട്ടു.
അതേസമയം, കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. കുട്ടിയുടെ തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതുകൈയില്‍ രണ്ട് ഒടിവുകളും ശരീരത്തില്‍ പുതിയതും പഴയതുമായ മുറിവുകളുമുണ്ട്. മുഖത്തടക്കം പൊള്ളലേറ്റ പാടുകളുമുണ്ട്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നില അടുത്ത 72 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ആശുപത്രിയില്‍ കഴിയുന്ന മൂന്നു വയസുകാരിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും ഒളിവില്‍ പോയതായാണ് സൂചന. നിലവില്‍ ഇവര്‍ പ്രതികളല്ലെന്നു തൃക്കാക്കര പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളില്‍നിന്നു തന്നെയായിരിക്കും മര്‍ദനമേറ്റിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. കുട്ടി അപസ്മാരം വന്നു വീണപ്പോള്‍ ഉണ്ടായ പരിക്കാണെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം പറഞ്ഞത്. പിന്നീട് പോലീസ് ചോദ്യം ചെയ്യലില്‍ കുട്ടിക്കു ബാധ കയറിയതാണെന്നും മുകളില്‍നിന്ന് എടുത്തു ചാടുകയും സ്വയം മുറിവേല്‍പ്പിക്കുകയുമായിരുന്നെന്നും അമ്മ തിരുത്തിപ്പറഞ്ഞു.
കുന്തിരിക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കൈയില്‍ പൊള്ളലേറ്റതെന്നും ഇവര്‍ പറഞ്ഞിരുന്നു. അതിനിടെ കുട്ടിയെ ആരോ മര്‍ദിച്ചു എന്ന അമ്മൂമ്മയുടെ മൊഴിയുമുണ്ട്. മൊഴികള്‍ പരസ്പരവിരുദ്ധമായതിനാല്‍ ബന്ധുക്കള്‍ പോലീസ് നിരീക്ഷണത്തിലാണ്. പരിക്ക് പറ്റിയ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതില്‍ അമ്മക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയില്‍ പരിക്ക് പറ്റിയ കുട്ടിയുമായി അമ്മയും മുത്തശിയുമാണ് പഴങ്ങനാട് ആശുപത്രിയില്‍ എത്തിയത്. വീണ് പരിക്കു പറ്റിയതാണെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്.
കുട്ടിയുടെ ശരീരമാകെ ഗുരുതരമായ പരിക്കുള്ളതുകൊണ്ട് വിദഗ്ധ ചികിത്സക്കായി അവിടെനിന്നും കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്കു വിടുകയായിരുന്നു. മെഡിക്കല്‍ കോളജ് ഡോക്ടര്‍ പോലീസിനെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. കുട്ടിയുടെ ദേഹമാകെ കാണപ്പെട്ട മുറിവുകളും കൈയിലെ പൊള്ളലേറ്റതും ഒരു ദിവസം സംഭവിച്ചതല്ലെന്നു പോലീസ് സംശയിക്കുന്നു.