തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ആദ്യം വിസമ്മതിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി എം.എം മണി. ഗവർണ്ണറുടെ കുടുംബത്തിൽ നിന്ന് കൊണ്ടുവന്നല്ല മന്ത്രിമാരുടെ പെഴ്സണൽ സ്റ്റാഫിന് ശമ്പളം കൊടുക്കുന്നതെന്നായിരുന്നു എ.എം. മണിയുടെ പ്രതികരണം.
ഗവർണർ സർക്കാരിന് മാത്രമല്ല നാടിനാകെ തലവേദനയാണ്. മന്ത്രിമാരുടെ ഓഫീസിൽ രാഷ്ട്രീയക്കാരല്ലാതെ പിന്നെ ആരാണ് ഇരിക്കേണ്ടത്. അഞ്ചുതവണ കൂട് മാറി ബിജെപിയിലെത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ. അങ്ങനെയാണ് അദ്ദേഹം ഗവർണറായിരിക്കുന്നത്. ഗവർണർ വിഡ്ഢിത്തം പറഞ്ഞുകൊണ്ടിരിക്കുകയാണ്.
ഗവർണരുടെ കാലാവധി കഴിയുമ്പോൾ പുതിയ സ്ഥാനം കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കളിയാണ് ഇപ്പോഴത്തേത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കുള്ള പെൻഷൻ പുള്ളിയുടെ കുടുംബത്തിൽ നിന്നല്ലല്ലോ, സർക്കാരിന്റെ ഖജനാവിൽ നിന്നല്ലേ കൊടുക്കുന്നത്. ഗവർണർ പദവിയിലിരുന്നുകൊണ്ട് അദ്ദേഹം നാലാം തരത്തിലെ അഞ്ചാം തരം രാഷ്ട്രീയക്കളി കളിക്കുകയാണെന്നും എം.എം മണി പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളിൽ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുന്നത് എന്തിനാണെന്നായിരുന്നു ഗവർണർ സർക്കാരിനോട് ചോദിച്ച ചോദ്യം.
പെൻഷൻ ഉറപ്പാക്കാനായി സ്റ്റാഫ് അംഗങ്ങൾ രണ്ടുവർഷം കഴിഞ്ഞ് രാജിവെക്കുകയും പുതിയവരെ നിയമിക്കുകയും ചെയ്യുന്നത് നല്ലരീതിയല്ലെന്നും സർക്കാർ ചെലവിൽ പാർട്ടി കേഡർമാരെ വളർത്തുന്നതിനോട് യോജിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.
പേഴ്സണൽ സ്റ്റാഫുകളെ ഇഷ്ടംപോലെ നിയമിച്ച്, അവർക്ക് ശമ്പളവും പെൻഷനും ഉറപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഒരു നാണവുമില്ലാത്ത ഏർപ്പാടാണത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് തന്റെ തീരുമാനമാണ്. സർക്കാരിന് അതിൽ ഇടപെടേണ്ട കാര്യമില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.