25.9 C
Kottayam
Wednesday, May 22, 2024

സ്വകാര്യതാ സംരക്ഷണം:ആന്‍ഡ്രോയിഡ് ആപ്പുകളിലെ ഡാറ്റാ ട്രാക്കിങ് നിയന്ത്രിക്കും; ആപ്പിളിന് സമാനമായ നീക്കവുമായി ഗൂഗിള്‍

Must read

മുംബൈ:പരസ്യങ്ങൾക്ക് വേണ്ടി ക്രോം ബ്രൗസറിൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നത് പരിമിതപ്പെടുത്താനുള്ള പദ്ധതി ഗൂഗിൾ ആൻഡ്രോയിഡ് ആപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതോടെ ആൻഡ്രോയിഡ് ആപ്പുകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത കൈവരും.

നിലവിൽ ഓൺലൈൻ പരസ്യ വിതരണ സേവനങ്ങൾ പരസ്യ വിതരണത്തിനായി ആശ്രയിക്കുന്ന ഉപഭോക്തൃ വിവരങ്ങളുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് മൊബൈൽ ആപ്പുകൾ. ആൻഡ്രോയിഡ് ആപ്പുകൾ പ്രത്യേകിച്ചും. ഗൂഗിൾ ക്രോം ബ്രൗസറും ആളുകളുടെ ഇന്റർനെറ്റ് ഉപയോഗ രീതികളും താൽപര്യങ്ങളും മനസിലാക്കാൻ പ്രയോജനപ്പെടുത്തിവന്നിരുന്നു.

പരസ്യങ്ങൾക്ക് വേണ്ടി പരസ്യ ദാതാക്കൾ ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് പരിമിതപ്പെടുത്താനുള്ള ഗൂഗിളിന്റെ പദ്ധതിയ്ക്ക് ‘ പ്രൈവസി സാന്റ് ബോക്സ് പ്രൊജക്ട്’ എന്നാണ് പേര്.

ഗൂഗിളിന്റെ മുഖ്യ എതിരാളിയായ ആപ്പിളും ഉപഭോക്താക്കളെ നിരീക്ഷിക്കുന്നതിന് മുമ്പ് അവരിൽ നിന്ന് അനുവാദം വാങ്ങണമെന്ന കർശന നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്.

എന്തായാലും പുതിയ വാർത്ത മെറ്റായെ പോലുള്ള സ്ഥാപനങ്ങളെ പിടിച്ചുകുലുക്കുന്നതാണ്. ആപ്പുകളിൽ നിന്നും ബ്രൗസറുകളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ പരസ്യ വിതരണം നടത്തുന്നത്.

ആപ്പിൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കമ്പനിയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയതായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സ്മാർട്ഫോൺ ഉപഭോക്താക്കളിൽ 85 ശതമാനവും ആൻഡ്രോയിഡ് ഉപയോഗിക്കുന്നവരാണ് എന്ന വസ്തുത മെറ്റായെ പോലുള്ള കമ്പനികളെ ഇനിയും പ്രതിസന്ധിയിലാക്കാൻ സാധ്യതയുണ്ട്.

ഗൂഗിൾ ക്രോം ബ്രൗസറിൽ ഉപഭോക്താക്കൾ തിരയുന്ന കാര്യങ്ങളും അവരുടെ ശീലങ്ങളുമെല്ലാം പിന്തുടരുന്നതിനും അതിനനുസരിച്ച് അവരുടെ താൽപര്യങ്ങൾ മനസിലാക്കിയുള്ള ടാർഗറ്റഡ് പരസ്യങ്ങൾ അയക്കുന്നതിനും ഉപയോഗിക്കുന്ന തേഡ് പാർട്ടി കുക്കികൾ (Third party cookies) ഉപയോഗിക്കുന്നത് 2023 ഓടുകൂടി പൂർണമായും ഒഴിവാക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം.

പ്രൈവസി സാന്റ് ബോക്സ്’ പ്രോജക്ട് ആൻഡ്രോയിഡ് ആപ്പുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണെന്നാണ് ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇതുവഴി ആപ്പുകളിൽ ഉപഭോക്താക്കളുടെ വിവര ശേഖരണത്തിനായി ഉപയോഗിക്കുന്ന അഡൈ്വർട്ടൈസിങ് ഐഡി ഉൾപ്പടെയുള്ള ക്രോസ് ആപ്പ് ഐഡന്റി ഫയറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

ഇത്തരം ഐഡന്റിഫയറുകൾ ഉപയോഗിച്ചാണ് ആപ്പുകൾ ഫോൺ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നത്. രണ്ട് വർഷത്തോളം ഇത് തന്നെ തുടരുമെന്നും പകരം പുതിയ സംവിധാനമൊരുക്കാൻ പരിശ്രമിക്കുമെന്നും ഗൂഗിൾ പറഞ്ഞു.
എങ്കിലും ഏത് രീതിയിലാണ് ഇത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആപ്പ് ഡെവലപ്പർമാർ വിവര ശേഖരണത്തിനായുള്ള ഐഡന്റിഫയർ ഫോർ അഡൈ്വർട്ടൈസേഴ്സ് അഥവാ ഐഡിഎഫ്എ ഉപയോഗിക്കുന്നതിന് അനുവാദം വാങ്ങണം എന്ന നിബന്ധന കർശനമാക്കിയത്.

96 ശതമാനം ഉപഭോക്താക്കളും പരസ്യത്തിനായുള്ള ട്രാക്കിങ് ഒഴിവാക്കുന്നുണ്ടെന്ന് ഫ്ളറി അനലിറ്റിക്സ് എന്ന പരസ്യ കമ്പനിയിൽ നിന്നുള്ള വിവരം അടിസ്ഥാനപ്പെടുത്തി ആപ്പിൾ പറയുന്നു.

ആപ്പിളിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ‘മറ്റ് പ്ലാറ്റ്ഫോമുകൾക്ക്’ മറ്റൊരു സമീപനമാണെന്നും ഡെവലപ്പർമാരും പരസ്യദാതാക്കളും നിലവിൽ ഉപയോഗിച്ചുവരുന്ന സാങ്കേതിക വിദ്യകളെ യാതൊരു മയവുമില്ലാതെ നിയന്ത്രിക്കുകയാണെന്നും ഗൂഗിൾ പറഞ്ഞു.

പകരം സംവിധാനം ആദ്യം ഒരുക്കാതെ ഇത്തരം സമീപനം ഫലപ്രദമാവില്ലെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ഗൂഗിൾ പറഞ്ഞു.

ഇക്കാരണം കൊണ്ടുതന്നെ ഉപഭോക്താക്കളുടെ സ്വകാര്യത പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള പകരം സംവിധാനങ്ങൾ തയ്യാറാക്കുന്നതിനും അതിലേക്ക് മാറുന്നതും അൽപം സമയമെടുത്ത് ചെയ്യുക എന്ന നയമാണ് ഗൂഗിളിന്റേത്. മാത്രവുമല്ല ഉപഭോക്താക്കളുടെ സ്വകാര്യത ഹനിക്കാതെയുള്ള വിവര ശേഖരണ രീതികൾ അവലംബിക്കാനായിരിക്കും കമ്പനി മുൻഗണന നൽകുക.

പരസ്യ വരുമാനത്തെ ആശ്രയിക്കുന്ന ഒരു കമ്പനി തന്നെയാണ് ഗൂഗിളും. ആപ്പിൾ എന്നാൽ അങ്ങനെയല്ല. ആപ്പിളിന്റെ കടുത്ത നിയന്ത്രണങ്ങൾ ഗൂഗിളിന്റെയും പരസ്യ വിതരണ സംവിധാനങ്ങൾക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ആൻഡ്രോയിഡ് ഫോണുകളും ക്രോം ഉപഭോക്താക്കളും ഗൂഗിൾ ക്രോമിന് മുതൽകൂട്ടാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week