ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രൂക്ഷവ്യാപനത്തിനും കുടിയേറ്റ തൊഴിലാളി പ്രതിസന്ധിക്കും കാരണം കോൺഗ്രസ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ചെയ്ത പാപമാണ് ഇതെന്നും പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ആരോപിച്ചു.
ആളുകളോട് കോവിഡ് മുൻകരുതൽ സ്വീകരിക്കാൻ പറയുന്നത് പോലെ നല്ല കാര്യങ്ങളൊന്നും പ്രതിപക്ഷം ചെയ്തിട്ടില്ല. പക്ഷെ, കോവിഡിന് അവരുടെ സംഭാവന ഒട്ടും ചെറുതല്ലെന്നും പ്രധാനമന്ത്രി പരിഹസിച്ചു. രാജ്യത്ത് കോവിഡ് പടരാൻ ഇടയാക്കിയതിലൂടെ അവർ ചെയ്തത് ‘കോവിഡ് പാപ’മാണെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് ഒന്നാം തരംഗത്തിന്റെ ലോക്ക്ഡൗൺ കാലത്ത് നിങ്ങൾ നിൽക്കുന്നത് എവിടെയാണോ അവിടെ തുടരൂ എന്ന് ലോകാരോഗ്യസംഘടന പോലും നിർദേശിച്ചപ്പോൾ മുംബൈ റെയിൽവേ സ്റ്റേഷനിൽ തൊഴിലാളികൾക്ക് ട്രെയിൻ ടിക്കറ്റ് വിതരണം ചെയ്ത് കോവിഡ് വ്യാപനത്തിന് കാരണമാവുകയായിരുന്നു കോൺഗ്രസ്. ഡൽഹിയിൽ സർക്കാർ ആണ് തൊഴിലാളികൾക്ക് വേണ്ടി ബസ്സുകൾ ഏർപ്പാടാക്കിയത്. കോവിഡ് അധികവ്യാപനമില്ലാത്ത ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത് കാരണമാണ് കോവിഡ് വ്യാപിച്ചത്, അതിരുവിട്ട പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തിയത്, പ്രധാനമന്ത്രി ആരോപിച്ചു.
മഹാമാരി കാലത്തും ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടന ആയിരുന്നു ഇന്ത്യയുടേത്. റെക്കോർഡ് ഉത്പാദനമാണ് കർഷകർ ഉണ്ടാക്കിയത്. പല രാജ്യങ്ങളും ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമം നേരിട്ടപ്പോൾ പട്ടിണികൊണ്ട് മരിക്കാൻ ഈ രാജ്യം ആരേയും അനുവദിച്ചില്ല, 80 കോടി ജനങ്ങൾക്കാണ് സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തിയത്. അത് ഇപ്പോഴും തുടരുകയാണ്, മോദി പറഞ്ഞു.
കോവിഡ് പോലെ ഒരു മഹാമാരിക്കാലത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട എത്ര നേതാക്കൾ നിങ്ങളോട് മാസ്ക് ധരിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും പറഞ്ഞിട്ടുണ്ട്? പൊതുജനങ്ങളോട് മുൻകരുതൽ സ്വീകരിക്കാൻ ആവശ്യപ്പെടുന്നതിലൂടെ ബിജെപിക്കും മോദിക്കും എന്ത് നേട്ടമുണ്ടാവാനാണ്? കോൺഗ്രസിന്റെ ഇത്തരം പെരുമാറ്റത്തിൽ ഞാൻ മാത്രമല്ല ഈ രാജ്യം മുഴുവൻ മനസ്സ് മടുത്തിരിക്കുകയാണ്. പതിറ്റാണ്ടുകളായി കോൺഗ്രസിനെ പിന്തുണയ്ക്കാത്ത സംസ്ഥാനങ്ങളെ അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.