കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ സ്വകാര്യ കാറിന്റെ നമ്പര്‍ ദിലീപിന്റെ ഡ്രൈവര്‍ മംഗളൂരുവിലെ ഫോണിലേക്ക് അയച്ചുവെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയാണ് മംഗളൂരുവിലെ ഒരു മൊബൈല്‍ നമ്പറിലേക്ക് കാറിന്റെ നമ്പര്‍ അയച്ചത്. അപ്പുണ്ണി ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഇതേ വാഹനത്തിന്റെ നമ്പര്‍ നടന്‍ ദിലീപിന്റെ ഫോണിലേക്കും അപ്പുണ്ണി എസ്എംഎസായി അയച്ചതിന്റെ തെളിവുകള്‍ ലഭിച്ചു.
ദിലീപ് റിമാന്‍ഡിലായിരുന്ന ദിവസങ്ങളിലാണ് ബൈജുവിന്റെ കാറിന്റെ നമ്പര്‍ അപ്പുണ്ണി ദിലീപിന്റെ ഫോണിലേക്ക് അയച്ചിട്ടുള്ളത്.ഈ ദിവസങ്ങളില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ കൈവശമാണ് ഈ ഫോണ്‍ ഉണ്ടായിരുന്നത്. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കാതിരുന്ന ഫോണിലേക്കാണ് എസ്എംഎസ് എത്തിയതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. അപ്പുണ്ണി വാഹന നമ്പര്‍ അയച്ചുകൊടുത്ത മംഗളൂരുവിലെ ഫോണ്‍നമ്പര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം.
അതിനിടെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ശബ്ദപരിശോധനയ്ക്ക് ഹാജരാകാന്‍ നോട്ടീസ്. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രതികളുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിച്ചു.
നേരിട്ടും അഭിഭാഷകര്‍ മുഖേനയും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാത്ത സാഹചര്യത്തില്‍ ദിലീപിന്റെ ആലുവ പാലസിന് സമീപമുള്ള വീട്ടില്‍ നോട്ടീസ് പതിക്കുകയായിരുന്നു. വധഗൂഢാലോചനക്കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പുറപ്പെടുവിക്കും.