കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയിമായി. തുടര്‍ച്ചയായ രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്ന ശേഷമാണ് ഇന്ന് വില കുറവ് രേഖപ്പെടുത്തിയത്. ബുധനാഴ്ച പവന് 120 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ജനുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. ജനുവരി 10ന് ആണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയത്. ഒരു പവന് സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില.
യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷറി വരുമാനം ഉയര്‍ന്ന നിരക്കില്‍ എത്തിയതുമാണ് കഴിഞ്ഞ ആഴ്ച സ്വര്‍ണ വില പെട്ടെന്ന് കുറയാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില പെട്ടെന്ന് വില കുറച്ചത്. എന്നാല്‍ ഒമിക്രോണ്‍ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഈ മാസം കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു സ്വര്‍ണ വില.
അതേസമയം താല്‍ക്കാലികമായി വില ഇടിഞ്ഞാലും 2022-ല്‍ സ്വര്‍ണ വില പുതിയ ഉയരത്തില്‍ എത്തുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2022-ല്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2,100 ഡോളര്‍ വരെ എത്തിയേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുഎസ് ഡോളര്‍ ബലഹീനമാകുന്നതും ഉയര്‍ന്ന പണപ്പെരുപ്പവും സ്വര്‍ണത്തിന് വീണ്ടും തിളക്കം നല്‍കിയേക്കും.
ഡിസംബര്‍ മൂന്നിന് ഒരു പവന് സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന് സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.