KeralaNews

പുലിക്കുട്ടികളെ തേടി അമ്മപ്പുലി വന്നത് മൂന്ന് തവണ;കെണിയില്‍ കയറിയില്ല

പാലക്കാട്: ധോണി ഉമ്മിനി പപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ കണ്ടെത്തിയ 2 പുലിക്കുട്ടികളുടെ അമ്മപ്പുലിയെ തേടി വനംവകുപ്പിന്റെ കാത്തിരിപ്പു തുടരുന്നു. ഞായറാഴ്ച രാത്രി വീടിനകത്തു സ്ഥാപിച്ച ചെറിയ കൂടിനു പുറമേ ഇന്നലെ വൈകിട്ടു വീടിനോടു ചേർന്നു വലിയ കൂടും വച്ചു. മക്കളെ തേടി മൂന്നു തവണ പുലി എത്തിയതായി വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

പുലിക്കുഞ്ഞുങ്ങൾ ഒലവക്കോട് റേഞ്ച് ഓഫിസിൽ വനപാലകരുടെ സംരക്ഷണത്തിൽ തുടരുകയാണ്. ഒരാഴ്ചയോളം പ്രായം തോന്നിക്കുന്ന ഇവയ്ക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകുന്നുണ്ട്. ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നു പുലി ഇറങ്ങിപ്പോകുന്നതു കണ്ട് ഉള്ളിൽ പരിശോധിച്ചപ്പോഴാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. 

വീട്ടിൽ സ്ഥാപിച്ച പുലിക്കൂടിന് സമീപം പുലിയെത്തിയത് 3 തവണയാണ്. ഇന്നലെ രാത്രി 11.4 നും 12..5 നും പുലർച്ചെ 2 മണിയ്ക്കും പുലി എത്തി. ക്യാമറ ട്രാപ്പ് പരിശോധനയിലാണ് പുലിയുടെ ചിത്രം ലഭിച്ചത്. ഇന്നലെ സ്ഥാപിച്ച കൂടിനേക്കാൾ വലിപ്പമുള്ള  പുലിയാണ്. ഈ സാഹചര്യത്തിൽ ഇന്ന് വലിയ കൂട് വനം വകുപ്പ് സ്ഥാപിച്ചു. ജനവാസ കേന്ദ്രമായതിനാല്‍ പുലിപ്പേടിയിലാണ് നാട്ടുകാരും. 

പത്തു ദിവസം പ്രായമുള്ള പെണ്‍പുലിക്കുഞ്ഞുങ്ങളെയാണ് ഇന്നലെ വീടിനുള്ളില്‍ നിന്നും ലഭിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് പപ്പാടിയിലെ മാധവൻ എന്നയാളുടെ അടച്ചിട്ട വീട്ടിൽ തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. നായ വല്ലാതെ കുരക്കുന്നത് കണ്ട് പൊന്നൻ എന്ന അയൽവാസിയാണ് മതിൽ ചാടി കടന്ന് തകർന്ന വീടിന്റെ ജനൽ പാളി തുറന്ന് അകത്തേക്ക് നോക്കിയത്. ആൾ പെരുമാറ്റം കേട്ട പുലി പിൻഭാഗത്തുകൂടി ഓടി മറഞ്ഞു.

 വൈദ്യ സഹായം ഉറപ്പാക്കിയെങ്കിലും പുലിക്കുഞ്ഞുങ്ങൾക്ക് ഭക്ഷണം നല്‍കുന്നതാണ് പ്രതിസന്ധി. ആട്ടിന്‍ പാല്‍ കുപ്പിയിലാക്കിയാണ് കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button