CrimeHome-bannerKeralaNews

നെഞ്ച്പിടയ്ക്കുന്ന നിലവിളിയില്‍ ‘അദ്വെതം, തളർന്ന് വീണ് അമ്മ പുഷ്പകല

 കണ്ണൂര്‍: തളിപ്പറമ്പ് തൃച്ചംബരം പട്ടപ്പറയിലാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ കൊലചെയ്യപ്പെട്ട ധീരജിന്‍റെ വീട്. അമ്മ പുഷ്പകല കൂവോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ നേഴ്സാണ്. വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ് ധീരജിന്‍റെ കുടുംബം ‘അദ്വെതം’ എന്ന വീട് എടുത്തത്. 

തിങ്കളാഴ്ചയും പതിവ് പോലെ ആശുപത്രിയില്‍ ജോലിക്ക് പോയതാണ് പുഷ്പകല. ഉച്ചകഴിഞ്ഞപ്പോൾ ഒരുകൂട്ടം സഹപ്രവർത്തകരെത്തി. ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ്‌ കോളേജ് വിദ്യാർഥിയായ മകൻ ധീരജിന് അപകടം പറ്റിയെന്നും വീട്ടിൽ പോകാമെന്നും പറഞ്ഞു. യൂണിഫോം പോലും മാറ്റുന്നതിന് മുന്‍പാണ് സഹപ്രവര്‍ത്തകര്‍ പുഷ്പകലയെ വീട്ടില്‍ എത്തിച്ചത്. അദ്വെതം വീട്ടില്‍ എത്തിയപ്പോള്‍ നാട്ടുകാരും, മാധ്യമങ്ങളും പൊലീസും സ്ഥലത്ത് നിറഞ്ഞത് ശരിക്കും പുഷ്പകലയെ തളർത്തി

.

എന്തോ സംഭവിച്ചെന്ന് മനസിലാക്കിയ പുഷ്പകല അലറിക്കരയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ചേട്ടൻ കൊല്ലപ്പെട്ട വിവരം നേരത്തേ അറിഞ്ഞിരുന്ന അനുജൻ അദ്വൈത് തീര്‍ത്തും സങ്കടത്തില്‍ മുങ്ങി അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അദ്വെതിനും രംഗം നിയന്ത്രിക്കാന്‍ സാധിച്ചില്ല. 

പുഷ്കലയുടെ നിലവിളി കേട്ടുനിൽക്കാനാകാതെ ആളുകൾ പിന്മാറി. ധീരജിന്റെ അച്ഛൻ രാജേന്ദ്രനും എല്ലാം തകര്‍ന്ന നിലയില്‍ നില്‍ക്കുകയായിരുന്നു. വൈകുന്നേരം അഞ്ചോടെ സി.പി.എം. നേതാക്കളായ ജയിംസ് മാത്യുവും പി.കെ.ശ്യാമളയും അരീക്കമലയിൽനിന്ന് ബന്ധുക്കളും വന്നു. അവരാണ് ഒടുവില്‍ കാര്യം പുഷ്പകലയെ അറിയിച്ചത്.

തളിപ്പറമ്പ് ചിന്മയമിഷൻ സ്കൂളിൽ പ്ലസ്‌ടു വരെ പഠിച്ച ധീരജ് നാട്ടിൽ രാഷ്ട്രീയപ്രവർത്തനങ്ങൾക്കൊന്നും പോകാറില്ലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എഞ്ചിനീയറിംഗ് കോളേജില്‍ എത്തിയ ശേഷമാണ് എസ്എഫ്ഐയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. 

തിരുവനന്തപുരം പാലോട് സ്വദേശിയായ രാജേന്ദ്രൻ എൽ.ഐ.സി. ഏജൻറായി വർഷങ്ങൾക്കുമുൻപെ തളിപ്പറമ്പിലെത്തിയതാണ്. താണയിലെ ജില്ലാ ആയുർവേദ ആസ്പത്രിയിലും ജോലിചെയ്തിരുന്ന പുഷ്കല പിന്നീടാണ് കൂവോട്ടേക്ക് മാറിയത്. പലയിടത്തായി സ്വന്തം വീട്ടിലും വാടകയ്ക്കും താമസിച്ചശേഷം രണ്ടുവർഷം മുമ്പാണ് പുന്നക്കുളങ്ങരയിൽ വീടുവെച്ച് താമസം തുടങ്ങിയത്.

ധീരജിന്റെ (Dheeraj Rajendran) പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കൽ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിനു ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. യാത്രക്കിടയിൽ വിവിധ സ്ഥലത്ത് പൊതുദർശനത്തിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ നിഖിൽ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

താനാണ് ധീരജിനെ കുത്തിയതെന്ന് നിഖിൽ പൈലി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത മറ്റ് അഞ്ചു പേരിൽ ആരെയൊക്കെ പ്രതിപ്പട്ടികയിൽ ചേർക്കണമെന്ന കാര്യത്തിലും പൊലീസ് ഇന്ന് തീരുമാനം എടുക്കും. ധീരജിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിപ്പോയത്. തളിപ്പറമ്പിൽ എൽഐസി ഏജന്റായ അച്ഛൻ രാജേന്ദ്രൻ  തിരുവനന്തപുരം പാലോട് സ്വദേശിയാണ്.

ധീരജിന്റെ അനുജൻ അദ്വൈത് തളിപ്പറമ്പ് സർ സയ്യിദ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. കുടുംബമായി വർഷങ്ങളായി തളിപ്പറമ്പിലാണ് താമസം. ധീരജ് രാജേന്ദ്രന് വീടിനോട് ചേർന്ന് തന്നെയാണ് അന്ത്യവിശ്രമത്തിനുള്ള സ്ഥലം ഒരുക്കുന്നത്. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി. ഇവിടെ ധീരജിന്റെ മൃതദേഹം സംസ്‌കരിക്കും.

ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയും. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. അതേസമയം, ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ എന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button