ബെംഗളൂരു: കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടിയേക്കും. ബെംഗളൂരു നഗരത്തിലെ സ്കൂളുകളും കോളേജുകളും അടച്ചു. ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി. വാരാന്ത്യങ്ങളില്‍ മദ്യഷോപ്പുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മൂന്നര ശതമാനത്തിന് അടുത്താണ് കർണാടകയിൽ നിലവിൽ ടിപിആര്‍. കൊവിഡ് കേസുകൾ രണ്ട് മടങ്ങ് കേസുകള്‍ വര്‍ധിച്ചു. വരുന്ന ആറ് ആഴ്ച അതീവജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. നഴ്സിങ്ങ് പാരാമെഡിക്കല്‍ കോളേജുകളും 10,12 ക്ലാസുകളും ഒഴികെ സ്കൂളുകള്‍ അടച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ അമ്പത് ശതമാനം പേരുമായാണ് പ്രവര്‍ത്തിക്കുന്നത്. വാരാന്ത്യങ്ങളില്‍ പൊതുഗതാഗതം ഉണ്ടാകില്ല. മെട്രോ സര്‍വ്വീസുകളുടെ എണ്ണവും വെട്ടിചുരുക്കി.
തലപ്പാടി, മാക്കൂട്ടം, ബാവലി അടക്കം കേരള അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ്. കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റും രണ്ട് ഡോസ് കുത്തിവയ്പ്പിന്റെ രേഖകളുമായി എത്തുന്നവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. രേഖകള്‍ ഇല്ലാതെ എത്തിയ യാത്രക്കാരെ തിരിച്ചുവിട്ടു. സ്വകാര്യ ആശുപത്രികളിലടക്കം 30 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം.