ന്യൂഡൽഹി • കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ അണ്ടർ സെക്രട്ടറി റാങ്കിനു താഴെയുള്ള ജീവനക്കാരിൽ 50% പേർക്ക് വീട്ടിലിരുന്ന് ജോലി (വർക് ഫ്രം ഹോം) അനുവദിച്ചു. ഭിന്നശേഷിക്കാരും ഗർഭിണികളും ഓഫിസിൽ എത്തേണ്ടതില്ല.
ഓഫിസിലെ തിരക്ക് ഒഴിവാക്കുന്നതിനായി ജീവനക്കാർക്ക് രണ്ടു സമയക്രമം സ്വീകരിക്കണം – രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയും രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയും. യോഗങ്ങൾ കഴിവതും വിഡിയോ കോൺഫറൻസിങ് വഴിയാക്കണം. കോവിഡ് കണ്ടെയ്ൻമെന്റ് സോണിലുള്ള ജീവനക്കാർക്കും വർക് ഫ്രം ഹോം സ്വീകരിക്കാം.
കേന്ദ്ര സ്ഥാപനങ്ങളിൽ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള ബയോമെട്രിക് പഞ്ചിങ് നിർത്തിവയ്ക്കാനും ഉത്തരവുണ്ട്. മുൻപ് നിർത്തിവച്ച പഞ്ചിങ്, കോവിഡ് സ്ഥിതി മെച്ചപ്പെട്ടപ്പോൾ നവംബർ എട്ടിനാണു പുനരാരംഭിച്ചത്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനുള്ള ശക്തമായ സൂചനയുമായി കേസുകൾ കുതിച്ചുയർന്നതോടെയാണ് കേന്ദ്രത്തിന്റെ നടപടി.
കഴിഞ്ഞദിവസം രാജ്യമാകെ പോസിറ്റീവായത് 33,750 പേരാണ്. മൂന്നര മാസത്തിനിടയിലെ ഉയർന്ന സംഖ്യയാണിത്. 123 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ഇന്നലെ 12,160 പേർ പോസിറ്റീവായി; മുംബൈയിൽ മാത്രം 8082 പേർ. കഴിഞ്ഞ ഏപ്രിലിനു ശേഷമുള്ള ഉയർന്ന കണക്കാണിത്.