കൊച്ചി: 17 വര്‍ഷം മുന്‍പ് നടന്ന ഇരട്ടക്കൊലക്കേസിന്റെ ചുരുളഴിച്ച് കേരള പോലീസ്. 2004ല്‍ എറണാകുളം ഇടപ്പള്ളി പോണേക്കരയില്‍ വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പര്‍ ജയാനന്ദനാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
റിപ്പര്‍ ജയാനന്ദന്‍ നിലവില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണെന്നും ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടപ്പള്ളി ഇരട്ടക്കൊലക്കേസില്‍ ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിനു സാധിക്കാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്തിരുന്നില്ല.
ഏഴ് കൊലക്കേസ് സഹിതം നിരവധി കേസുകളില്‍ പ്രതിയാണ് തൃശൂര്‍ മാള സ്വദേശിയായ റിപ്പര്‍ ജയാനന്ദന്‍. സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ പ്രവര്‍ത്തന രീതി. 14 കവര്‍ച്ചാ കേസുകളിലും ഇയാള്‍ പ്രതിയാണ്. പലതവണ ജയില്‍ ചാടിയിട്ടുള്ള ഇയാള്‍ നിലവില്‍ ജയിലിലാണ്.
പുത്തന്‍വേലിക്കര കൊലക്കേസിലും മാള ഇരട്ടക്കൊലക്കേസിലും ശിക്ഷിക്കപ്പെട്ടയാളാണ് റിപ്പര്‍ ജയാനന്ദന്‍. ഈ കേസുകളില്‍ ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ശിക്ഷ മരണം വരെ തടവായി കുറച്ചു.