ഭോപാല്‍: നടി സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ ‘മധുബന്‍ മേം രാധികാ നാച്ചെ’യ്ക്കെതിരെ പരസ്യമായി ബിജെപി മന്ത്രി രംഗത്ത്. ആല്‍ബം മൂന്നു ദിവസത്തിനുള്ളില്‍ പിന്‍വലിക്കുകയും അണിയറപ്രവര്‍ത്തകര്‍ മാപ്പു പറയുകയും ചെയ്തില്ലെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര മുന്നറിയിപ്പ് നല്‍കി.
ആല്‍ബത്തിനെതിരെ നേരത്തെ മഥുരയിലെ പുരോഹിതര്‍ രംഗത്തെത്തിയിരുന്നു. അശ്ലീലം നിറഞ്ഞ ചിത്രീകരണവും, മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നുമായിരുന്നു പരാതി. ഇതിനു പിന്നാലെയാണ് ബിജെപി മന്ത്രി മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഡിസംബര്‍ 22ന് യുട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക് ആല്‍ബം, ഞായറാഴ്ചവരെ ഒരു കോടിപേര്‍ കണ്ടിട്ടുണ്ട്.
വിഡിയോ ആല്‍ബം നിരോധിച്ചു നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു. നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ചു മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. 1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തിനായി മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോണി ആല്‍ബത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
മന്ത്രിയുടെ വാക്കുകള്‍;
‘ചില ആളുകള്‍ ഹിന്ദുവികാരങ്ങളെ നിരന്തരം വ്രണപ്പെടുത്തുന്നു. ‘മധുബന്‍ മേ രാധിക നാച്ചെ’ എന്ന വിഡിയോ അത്തരത്തിലുള്ള അപലപനീയമായ ഒരു ശ്രമമാണ്. സണ്ണി ലിയോണി, ഷരീബ്, തോഷി എന്നിവര്‍ ഇതു മനസ്സിലാക്കണമെന്നു മുന്നറിയിപ്പ് നല്‍കുന്നു. മൂന്നു ദിവസത്തിനകം മാപ്പ് പറഞ്ഞ്, പാട്ടു നീക്കം ചെയ്തില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കും. ‘മാ രാധ’യെ ആരാധിക്കുന്ന നിരവധി ആളുകളുടെ വികാരത്തെ വിഡിയോ വ്രണപ്പെടുത്തി.