ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപിന് സമീപം വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നാശനഷ്ടങ്ങളുണ്ടെന്നാണ് സൂചന.
രാജ്യത്തെ വടക്കൻ നഗരമായ മൗമേരയിൽ നിന്നും 100 കിലോമീറ്റർ അകലെ ഫ്ലോറസ് കടലിൽ 18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. വലിയ ഭൂചലനത്തെ തുടർന്ന് സുനാമിക്ക് സാധ്യതയുണ്ടെന്നും യു.എസ് ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, നിലവിൽ ഭൂകമ്പത്തെ തുടർന്ന് ആളുകൾ മരിച്ചതായി റിപ്പോർട്ടില്ലെന്നും യു.എസ് ജിയോളജി വകുപ്പ് വ്യക്തമാക്കി.
2004 ഡിസംബറില്‍ ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂകമ്പം വന്‍ സുനാമിക്ക് കാരണമായിരുന്നു. വടക്കുപടിഞ്ഞാറന്‍ സുമാത്ര തീരത്താണ് റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധിപ്പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.