ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്ക കേസിൽ അന്തിമ വിധി പ്രഖ്യാപനത്തിന് ശേഷം സുപ്രീംകോടതി ബെഞ്ചിലെ അംഗങ്ങൾ ആഡംബര ഹോട്ടലിൽ ഒത്തുകൂടിയതായി വെളിപ്പെടുത്തൽ. ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയി, വിധിപറഞ്ഞ ബെഞ്ചിലെ തന്റെ സഹപ്രവർത്തകർക്ക് ഹോട്ടൽ താജ് മാൻസിങ്ങിൽ വിരുന്ന് നൽകിയതായാണ് വെളിപ്പെടുത്തൽ. നിലവിലെ രാജ്യസഭാംഗം കൂടിയായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ‘ജസ്റ്റിസ് ഫോർ ദ ജഡ്ജ്’ എന്ന തന്റെ ആത്മകഥയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആത്മകഥയിൽ അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാനവും വിവാദപരവുമായ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. 2018-ൽ സുപ്രീംകോടതിയിലെ നാല് സുപ്രധാന ജഡ്ജിമാർ ചേർന്ന് നടത്തിയ വാർത്താസമ്മേളനം, തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം, കൊളീജിയത്തിന്റെ ഭാഗമായിരുന്ന ഘട്ടത്തിലെടുത്ത തീരുമാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ആത്മകഥയിൽ വിശദമാക്കുന്നുണ്ട് ഗൊഗോയ്.
അയോധ്യാ വിധി പ്രസ്താവിച്ച അന്നത്തെ സായാഹ്നം സംബന്ധിച്ച് ഗൊഗോയ് ഇങ്ങനെ എഴുതി: ‘വിധി പ്രസ്താവത്തിന് ശേഷം ഒന്നാം നമ്പർ കോടതിക്ക് പുറത്തുള്ള ജഡ്ജിമാരുടെ ഗാലറിയിൽ അശോകചക്രത്തിന് താഴെയായി സെക്രട്ടറി ജനറൽ ഒരു ഫോട്ടോ സെഷൻ സംഘടിപ്പിച്ചു. അന്ന് വൈകുന്നേരം, ജഡ്ജിമാരെ അത്താഴത്തിന് താജ് മാൻസിങ് ഹോട്ടലിലേക്ക് കൊണ്ടുപോയി. ഞങ്ങൾ ചൈനീസ് ഭക്ഷണം കഴിച്ചു. ഒപ്പം അവിടെയുള്ളതിൽ ഏറ്റവും മികച്ച ഒരു ബോട്ടിൽ വൈനും പങ്കിട്ടു. കൂട്ടത്തിൽ മുതിർന്നവൻ ഞാനായതിനാൽ ബില്ല് ഞാൻ നൽകി’.
ഗൊഗോയിയുടെ നേതൃത്വത്തിലുള്ള, അയോധ്യാ വിധിപ്രസ്താവം നടത്തിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരാണ് ഉണ്ടായിരുന്നത്. ബോബ്ഡെ പിന്നീട് ചീഫ് ജസ്റ്റിസായാണ് വിരമിച്ചത്.
ജസ്റ്റിസ് അഖിൽ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനു പകരം ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനുള്ള ശുപാർശ പിൻവലിക്കാനുള്ള കൊളീജിയത്തിന്റെ തീരുമാനത്തെ കുറിച്ചും ഗൊഗോയ് പറയുന്നുണ്ട്. ‘ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാ’ണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
2019 മെയ് 10-ന് ജസ്റ്റിസ് ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ കൊളീജിയം ശുപാർശ ചെയ്തു. കൂടിയാലോചനാ പ്രക്രിയയിൽ, 2019 ഓഗസ്റ്റ് 23-ന് നിയമമന്ത്രാലയം കൊളീജയം ശുപാർശയോട് കേന്ദ്ര സർക്കാരിന്റെ എതിർപ്പ് അറിയിച്ചു. ജസ്റ്റിസ് ഖുറേഷി പുറപ്പെടുവിച്ച ചില ജുഡീഷ്യൽ ഉത്തരവുകൾ സംബന്ധിച്ച നിഷേധാത്മക ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു എതിർപ്പ്. സർക്കാരിന്റെ എതിർപ്പ് പൊതുമണ്ഡലത്തിൽ വന്നിരുന്നെങ്കിൽ അത് ആർക്കും ഒരു ഗുണവും ചെയ്യുമായിരുന്നില്ല’, ഗൊഗോയി എഴുതി.
പരമോന്നത ആരോപണങ്ങളും സത്യത്തിനായുള്ള എന്റെ അന്വേഷണവും’ എന്ന തലക്കെട്ടിലാണ് ഗൊഗോയി തനിക്കെതിരെ സുപ്രീംകോടതി ജീവനക്കാരി ഉയർത്തിയ ലൈംഗിക ആരോപണങ്ങളേക്കുറിച്ച് വിശദമാക്കുന്നത്.
തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണം കേട്ട ബെഞ്ചിന്റെ ഭാഗമായതിൽ ഖേദമുണ്ടെന്ന് ബുധനാഴ്ച പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെ ഗൊഗോയ് പറഞ്ഞിരുന്നു. ‘പിന്നിലേക്ക് നോക്കുമ്പോൾ, ഞാൻ ആ ബെഞ്ചിലെ ജഡ്ജിയാകാൻ പാടില്ലായിരുന്നു. ഞാൻ ബെഞ്ചിന്റെ ഭാഗമല്ലായിരുന്നെങ്കിൽ നന്നായേനെ. നമ്മൾ എല്ലാവരും തെറ്റുകൾ വരുത്തുന്നു. അത് അംഗീകരിക്കുന്നതിൽ തെറ്റില്ല’, അദ്ദേഹം പറഞ്ഞു.