കൊച്ചി:ഇന്ന് 5 പുതിയ പോസിറ്റീവ് കേസുകൾ കൂടി എണാകുളം ജില്ലയിൽ സ്ഥിരീകരിച്ചു. മെയ് 19 ന് മഹാരാഷ്ട്രയിൽനിന്നും കേരളത്തിലെത്തിയ അങ്കമാലി തുറവൂർ സ്വദേശിയായ 36 കാരനാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 23 ന് സാമ്പിൾ പരിശോധനക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിൽനിന്നുള്ള 22 പേരടങ്ങിയ സംഘത്തോടൊപ്പം മഹാരാഷ്ട്രയിൽ നിന്നും ബസ്സിലാണ് കേരളത്തിലെത്തിയത്.
കൊച്ചി തീര രക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ് രോഗം സ്ഥിരീകരിച്ച മറ്റു 4 പേർ. ഇവർ ഐ.എൻ.എസ് സഞ്ജീവനയിൽ ചികിത്സയിലാണ്. ഇവർ ലക്ഷദ്വീപ്, മധ്യപ്രദേശ് , ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആണ്. മെയ് 21 നാണ് ഇവർ കൊച്ചിയിലെത്തിയത്.
ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 30 വയസ്സുള്ള യുവതി രോഗമുക്തയായതിനെ തുടർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്തു. മെയ് 8 നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 533 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 262 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 7431 ആയി. ഇതിൽ 156 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 7275 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.