ന്യൂഡൽഹി :”തന്റെ നാടിന്റെ പ്രശ്നമാണ്, പരിഹാരം ഉണ്ടാകണം” എന്ന ശക്തമായ നിലപാടുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തി യാത്രക്കാർ നൽകിയ നിവേദനം ഏറ്റുമാനൂർ രാധാകൃഷ്ണൻ കൈമാറി. റെയിൽവേ പാസഞ്ചർ സർവീസസ് കമ്മറ്റിയിൽ കേരളത്തിനെ പ്രതിനിധീകരിക്കാൻ തലസ്ഥാനത്ത് എത്തിയതായിരുന്നു ഏറ്റുമാനൂർ രാധാകൃഷ്ണൻ. പാലരുവിയുടെ സ്റ്റോപ്പേജ് ഇന്ന് ഏറ്റുമാനൂരിന്റെ പൊതുവികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. സന്ദർശനവേളയിൽ രാജ്യസഭാ എംപി. അൽഫോൺസ് കണ്ണന്താനവും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു.
വാജ്പേയ് മന്ത്രി സഭയിൽ ഒ. രാജാഗോപാൽ കേന്ദ്രമന്ത്രിയായിരുന്ന കാലത്താണ് പഴയ ഏറ്റുമാനൂർ സ്റ്റേഷനിൽ എക്സ്പ്രസ്സ് ട്രെയിനുകൾ അനുവദിക്കുന്നതിന് തടസ്സമായി നിന്ന പ്ലാറ്റ്ഫോമിന്റെ നീളം വർദ്ധിപ്പിച്ചത്. ശക്തമായ സമ്മർദ്ദം മൂലം ഒ. രാജഗോപാൽ ഏറ്റുമാനൂർ സന്ദർശിക്കുകയും ഓവർ ബ്രിഡ്ജ് ന് ഇരുവശത്തേയും ബന്ധിപ്പിച്ചു കൊണ്ട് പ്ലാറ്റ് ഫോം നിർമ്മിക്കാനുള്ള നടപടികൾ അന്ന് പൂർത്തിയാക്കാനിടയായത് ഏറ്റുമാനൂർ രാധാകൃഷ്ണന്റെ ശ്രമഫലമായാണ്.
എറണാകുളത്ത് ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനായ പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്നത് യാത്രക്കാരുടെ ഇടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പലതവണ ജനപ്രതിനിധികളെയും റെയിൽവേ അധികൃതരെയും യാത്രക്കാർ ഈ വിഷയവുമായി സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇരട്ടപ്പാതയും അനുബന്ധ സൗകര്യങ്ങളുമടക്കം കേരളത്തിലെ തന്നെ മികച്ച സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം പിടിച്ച ഏറ്റുമാനൂരിലെ ജനങ്ങളുടെ യാത്രാക്ലേശം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. കോട്ടയം ജില്ലയിലെ ഭൂരിപക്ഷം യുവാക്കളും എറണാകുളത്തെ ഐ.റ്റി മേഖലയിലും മറ്റു കച്ചവടസ്ഥാപനങ്ങളിലും ജോലിയ്ക്കായി എറണാകുളം ജില്ലയെ ആശ്രയിക്കുന്നവരാണ്. എറണാകുളത്തെ സ്ഥിതിചെയ്യുന്ന ഹൈക്കോടതി, ബ്രോഡ് വേ, ഇൻഫോ പാർക്ക്, മാളുകൾ, മറ്റു വ്യവസായ സ്ഥാപനങ്ങളിലേയ്ക്കും ദിവസേന യാത്രചെയ്തു മടങ്ങുന്ന സ്ഥിരയാത്രക്കാരെയും MG യൂണിവേഴ്സിറ്റി, ITI ജീവനക്കാരെയും വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് സ്റ്റേഷനിൽ ഒപ്പു ശേഖരണം നടത്തിയിരുന്നു. നാടിന്റെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യം ചൂണ്ടിക്കാട്ടി ശ്രീ. ഏറ്റുമാനൂർ രാധാകൃഷ്ണൻ റെയിൽവേ മന്ത്രിയ്ക്ക് നൽകിയ നിവേദനത്തിനൊപ്പം യാത്രക്കാരുടെ പരാതികളും പങ്കുവെച്ചു.
പുലർച്ചെ 06 40 ന് കടന്നുപോകുന്ന മെമുവിന് ശേഷം എറണാകുളം ഭാഗത്തേയ്ക്ക് വേണാട് എക്സ്പ്രസ്സ് മാത്രമാണ് ഇപ്പോൾ ഏറ്റുമാനൂർ യാത്രക്കാർക്ക് ആശ്രയമായിട്ടുള്ളത്. വേണാട് എറണാകുളം ജംഗ്ഷനിൽ എത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും. ആശാസ്ത്രീയമായ ക്രോസ്സിങ് കാരണം ചിങ്ങവനത്ത് നിന്ന് ഏറ്റുമാനൂർ കടന്നുപോകാൻ വേണാട് ഇപ്പോൾ ഒരുമണിക്കൂറിലേറെ സമയമാണ് എടുക്കുന്നത്. ചെന്നൈ മെയിൽ വൈകി കോട്ടയമെത്തിയാലും മുൻകൂട്ടി നിശ്ചയിച്ച ക്രോസ്സിങ്ങിൽ മാറ്റം വരുത്താതെ കോട്ടയത്തും ചിങ്ങവനത്തും യാതൊരു യുക്തിയുമില്ലാതെ വേണാട് പിടിച്ചിടുന്നത് പതിവായിരിക്കുന്നു. സ്ത്രീകൾക്ക് പുലർച്ചെ 06 40 ന് മുമ്പ് ഏറ്റുമാനൂരിൽ എത്തിച്ചേരുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതോടൊപ്പം ഏറ്റുമാനൂർ സ്റ്റേഷന് വരുമാനം വർദ്ധിക്കുകയും സ്റ്റേഷനെ ആശ്രയിച്ചു ജീവിക്കുന്ന കച്ചവടക്കാർക്കും ഓട്ടോ ടാക്സി ജീവനക്കാർക്കും കൂടുതൽ മെച്ചമുണ്ടാകുന്നതുമാണ്.
യാത്രക്കാരുടെ കൂട്ടായ്മയായ *ഫ്രണ്ട്സ് ഓൺ റെയിൽസ്* നൽകിയ നിവേദനമാണ് ഏറ്റുമാനൂർ രാധാകൃഷ്ണൻ പ്രേത്യേക ശുപാർഷയ്ക്കൊപ്പം കേന്ദ്രമന്ത്രിയ്ക്ക് കൈമാറിയത്.