KeralaNews

‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’ പിണറായിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മോഹന്‍ലാല്‍

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’ എന്നാണ് മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

കൊവിഡ് പ്രതിരോധത്തിലെ കേരള മോഡലിനെ ലോകം വാഴ്ത്തുമ്പോഴാണ് അതിനു നേതൃത്വം വഹിക്കുന്ന പിണറായിയുടെ ജന്മദിനമെത്തുന്നത്. മഹാമാരിയുടെ കാലത്ത് ജന്മദിനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 24 ആയിരുന്നു പിണറായിയുടെ ജന്മദിനം. എന്നാല്‍ തന്റെ യഥാര്‍ത്ഥ ജന്മദിനം മെയ് 23ന് ആണെന്ന് വെളിപ്പെടുത്തിയത് നാല് വര്‍ഷം മുന്‍പാണ്.

മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിന്റെ തൊട്ടുതലേന്ന് എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിന്റെ 60ാം പിറന്നാള്‍. അന്ന് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. മോഹന്‍ലാലിന്റെ പിറന്നാളിന് വാര്‍ത്താമാധ്യമങ്ങളും ആരാധകരും കൊവിഡ് കാലത്തും ആശംസാവര്‍ഷമേകി.

ലോകമാകെ മരണം പെയ്തിറങ്ങുന്ന കൊവിഡ് കാലത്ത് പിണറായി വിജയന്‍ ഇന്നൊരു ബ്രാന്റ് നെയിമാണ്. രാജ്യത്ത് മാത്രമല്ല രാജ്യത്തിന് പുറത്തും കേരളത്തിലെ കമ്മ്യൂണിസ്റ്റ് തുരുത്ത് ചര്‍ച്ചയാകുമ്പോഴാണ് പിണറായിയുടെ ജന്മദിനം.

തെല്ലുപോലും വിട്ടുവീഴചയില്ലാത്ത കമ്മ്യൂണിറ്റിയില്‍ നിന്ന് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറാന്‍ കഴിഞ്ഞതാണ് ഇക്കാലയളവില്‍ പിണറായി വിജയന്റെ ഏറ്റവും വലിയ വിജയം. ആര്‍ത്തലച്ച് വന്ന മഹാപ്രളയങ്ങള്‍ക്ക് മുന്നിലും, പടര്‍ന്ന് കയറാന്‍ വന്ന മരണവൈറസിന് മുന്നിലും പിണറായി അടിയുറച്ച് നിന്നു. ഈ ചെറുത്ത് നില്‍പിന് കിട്ടിയ വലിയ പിന്തുണക്ക് 75 ന്റെ അനുഭവക്കരുത്ത് കൂടിയാകുമ്പോള്‍ പിണറായി വിജയനെന്ന ക്യാപ്റ്റന് അചഞ്ചല പിന്തുണയുമായി കേരളം ഒന്നിച്ചണിനിരക്കുന്നതാണ് പിണറായിയ്ക്കുള്ള ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം.

കണ്ണൂര്‍ പിണറായിയില്‍ തൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയ മകനായി ഇടത്തരം കര്‍ഷക കുടുംബത്തില്‍ കെ. വിജയന്‍ എന്ന പിണറായി വിജയന്‍ 1944 മേയ് 24-ന് ജനിച്ചു. കുമാരനും നാണുവും ജ്യേഷ്ഠന്‍മാരാണ്. അമ്മയുടെ പതിനാലാമത്തെ കുട്ടിയായിരുന്നു.പതിനൊന്ന് പേര്‍ മരിച്ചു പോയത്രേ.തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ. വിവേക് കിരണ്‍, വീണ എന്നിവര്‍ മക്കള്‍.

https://www.facebook.com/ActorMohanlal/posts/2986237058098637

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button