ചെന്നൈ: 1990ലെ രാജകണ്ണു കസ്റ്റഡി മരണത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ജയ് ഭീം’. സൂര്യ നായകനായി എത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി സാമൂഹ്യമാറ്റങ്ങള്‍ക്ക് കൂടി ചിത്രം കാരണമായി. ഇപ്പോള്‍ നടന് സൂര്യ തന്നെ യഥാര്‍ത്ഥ ‘സെങ്കനി’ക്ക് സഹായ ഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ്.
സെങ്കനി എന്ന കഥാപാത്രത്തിലൂടെ പാര്‍വതി അമ്മാളിന്റെ ജീവിതമാണ് സിനിമ അവതരിപ്പിച്ചത്. അമ്മാളിന്റെ പേരില്‍ പത്ത് ലക്ഷം രൂപയാണ് സൂര്യ ബാങ്കില്‍ നിക്ഷേപിച്ചത്. പാര്‍വതി അമ്മാളിന്റെ കാലശേഷം ഈ തുക മകള്‍ക്കും ലഭിക്കും.
ദിവസക്കൂലിയില്‍ ഉപജീവനം നടത്തുന്ന പാര്‍വതിക്ക് ധനസഹായം നല്‍കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന് സൂര്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. താന്‍ 10 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുമെന്നും പാര്‍വതിക്ക് പലിശ ഉപയോഗിക്കാമെന്നും സൂര്യ പറഞ്ഞതായി അദ്ദേഹം അറിയിച്ചു. കൊച്ചുകൂരയില്‍ മകളോടൊപ്പമാണ് പാര്‍വതി അമ്മാള്‍ ഇപ്പോള്‍ താമസിക്കുന്നത്.
നവംബര്‍ 2 നാണ് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്തത്. 2ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.