അടൂര്‍: മാസങ്ങള്‍ക്ക് മുമ്പ് പോലീസ് മര്‍ദനമേറ്റ ഡി.വൈ.എഫ്.ഐ നേതാവ് ജോയല്‍(29) കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ജനുവരി ഒന്നിന് പോലീസ് ജോയലിനെ മര്‍ദിച്ചിരുന്നെന്നും ഇതിന്റെ അനന്തര ഫലമാണ് മരണകാരണമെന്നും ആരോപിച്ച് പിതാവും കുടുംബവും രംഗത്ത്.
കടമ്പനാട് തുവയൂര്‍ തെക്ക് മലങ്കാവ് കൊച്ചുമുകളില്‍ വീട്ടില്‍ ജോയിക്കുട്ടിയുടെയും ആനിയമ്മയുടെയും മകനാണ് മരിച്ച ജോയല്‍. വെള്ളിയാഴ്ച രാവിലെ തളര്‍ന്നുവീണ ജോയലിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുതുവല്‍സര രാത്രിയിലാണ് അടൂര്‍ മേഖല കമ്മിറ്റി അംഗവും സി.പി.എം സെന്‍ട്രല്‍ ബ്രാഞ്ച് അംഗവുമായ ജോയലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അന്ന് ജോയലിനെ പോലീസ് മര്‍ദിച്ചെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ അന്ന് ആരും ഇയാളെ മര്‍ദിച്ചിരുന്നില്ല എന്ന് പോലീസ് പറയുന്നു.
മരണത്തില്‍ ജോയലിന്റെ പിതാവ് ദുരൂഹത ആരോപിച്ചതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ ആര്‍.ഡി.ഒ പി.ടി. എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചതായി ഡിവൈ.എസ്.പി ജവഹര്‍ ജനാര്‍ഡ് പറഞ്ഞു.