കൊച്ചി: രണ്ടു ദിവസത്തെ ഇടിവിനുശേഷം ലോക്ക് ഡൗണിലും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉയര്‍ച്ച. ഗ്രാമിന് 45 രൂപയുടെയും പവന് 360 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,350 രൂപയായും പവന് 34,800 രൂപയായും വര്‍ധിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയും കുറഞ്ഞശേഷമാണ് ഇന്ന് വില വര്‍ധിച്ചത്. കഴിഞ്ഞ 18ന് രേഖപ്പെടുത്തിയ പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.
ആഗോളതലത്തില്‍ പെട്രോളിയമടക്കം വന്‍കിട വ്യവസായങ്ങള്‍ ഓരോന്നായി നിലംപൊത്തുമ്പോഴും സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകത തന്നെയാണ് വിപണികളെല്ലാം നിശ്ചലമായ ഈ കൊവിഡ് കാലത്തും സ്വര്‍ണത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നത്.
കൊവിഡിനെ തുടര്‍ന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുളള ആശങ്കകളാണ് ആഗോളവിപണിയില്‍ സ്വര്‍ണവില കൂട്ടിയത്. ഡോളറിനെതിരെ 76 എന്ന നിലയിലേക്ക് കടന്നിരുന്ന രൂപ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ച ദിവസം 74 ലേക്ക് മൂല്യം ഉയര്‍ന്നെങ്കിലും പിന്നീട് രൂപയുടെ മൂല്യം ഇടിയുകയായിരുന്നു.
അപകടസാധ്യത കൂടുതലുളള അസറ്റ് ക്ലാസുകളില്‍ നിന്ന് നിക്ഷേപകര്‍ ഡോളര്‍, സ്വര്‍ണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്ന് സാമ്പത്തിക വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.