കൊല്ലം: കുളത്തൂപ്പുഴ അമ്പതേക്കറില്‍ മലവെള്ളപ്പാച്ചില്‍. വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലര്‍ച്ചയോടെ പെയ്ത മഴയെ തുടര്‍ന്നായിരുന്നു സംഭവം. മൂന്ന് കുടുംബങ്ങളെ ഇതിനകം മാറ്റിപാര്‍പ്പിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഈ മേഖലയില്‍ ശക്തമായ മഴ ഉണ്ടായത്. അത് പുലര്‍ച്ചെ വരെ നീണ്ടു. അമ്പതേക്കര്‍ പാലത്തിനു മുകളിലൂടെ വെള്ളം ഒലിച്ചെത്തി.
കുന്നിമാന്‍ തോട് നിറഞ്ഞുകവിഞ്ഞ് ഒഴുകിയതാണ് മലവെള്ളപ്പാച്ചിലുണ്ടാവാന്‍ കാരണം. ഉരുള്‍പൊട്ടല്‍ സ്ഥിരീകരിച്ചിട്ടില്ല. മഴ കുറഞ്ഞുവരുന്നതിനാല്‍ വെള്ളം ഇറങ്ങുന്നുണ്ട്. ഇവിടെ മാത്രം റെഡ് അലേര്‍ട്ട് ആണ്. മേഖലയില്‍ ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. വളരെ വേഗത്തില്‍ വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലമാണ് ഇത്.
കോട്ടയം എരുമേലി കണിമലയില്‍ ഉരുള്‍പൊട്ടലുണ്ടായി. കീരിത്തോട് പാറക്കടവ് മേഖലകളില്‍ പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടിയത്. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡില്‍ മണ്ണിടിഞ്ഞുവീണു. ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജില്ലയില്‍ മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പത്തനംതിട്ടയിലെ കോന്നി-കൊക്കാത്തോട് മേഖലയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. കൊക്കാത്തോട് ഒരു ഏക്കര്‍ പ്രദേശത്തെ 4 വീടുകളില്‍ വെള്ളം കയറി. വയക്കര, കൊക്കാത്തോട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. പ്രദേശത്തുനിന്ന് ആളുകളെ മറ്റിപ്പാര്‍പ്പിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അരുവാപ്പുരം പഞ്ചായത്തിന്റെ ഭാഗമാണ് കൊക്കാത്തോട്. ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള ഒരേയൊരു സഞ്ചാരമാര്‍ഗമായ കടത്തുവള്ളം ഉള്‍പ്പെടെ ഒഴുകിപ്പോയി. വയക്കരയിലെ പല ചെറിയ അരുവികളും വെള്ളപ്പൊക്കമുണ്ടായി. അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.