ചെന്നൈ: ജയ് ഭീം സിനിമയെ വിമര്‍ശിച്ചുള്ള ബി.ജെ.പി നേതാവ് എച്ച്. രാജയുടെ ട്വീറ്റിന് ലൈക്ക് ചെയ്ത് നടനും നിര്‍മാതാവുമായ സൂര്യ. പൊലീസ് ഉദ്യോഗസ്ഥനായ പ്രകാശ് രാജിന്റെ കഥാപാത്രം തമിഴ് സംസാരിക്കാതെ ഹിന്ദി സംസാരിക്കുന്ന ആളെ അടിക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്.
പ്രകാശ് രാജിന്റെ കഥാപാത്രം ഹിന്ദി സംസാരിച്ച കഥാപാത്രത്തോട് തമിഴ് സംസാരിക്കാനും ആവശ്യപ്പെടുന്നുണ്ട്. ഈ രംഗത്തിനെതിരെയാണ് രാജ രംഗത്തെത്തിയിരിക്കുന്നത്. നമ്മളുടെ കുട്ടികള്‍ മൂന്ന് ഭാഷ പഠിക്കരുതെന്ന് പറയുന്നവര്‍ തന്നെ സ്വന്തം സിനിമ അഞ്ച് ഭാഷകളില്‍ പുറത്തിറക്കുമെന്നായിരുന്നു എച്ച് രാജയുടെ വിമര്‍ശനം. ഇതിലെ സ്വാര്‍ത്ഥത മനസിലാക്കണമെന്നും രാജ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിനാണ് സൂര്യ ലൈക്ക് ചെയ്തിരിക്കുന്നത്.
തമിഴ് കൂടാതെ മലയാളം, ഹിന്ദി, കന്നഡ, തെലുഗ് ഭാഷകളിലാണ് ജയ് ഭീം പുറത്തിറങ്ങിയിരിക്കുന്നത്. ടി.ജെ. ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ നിര്‍മ്മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്.
പൊലീസ് കള്ളക്കേസ് ചുമത്തി ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയ തന്റെ ഭര്‍ത്താവിനെ അന്വേഷിച്ച്, നീതി തേടി ഇറങ്ങിയ ഇരുള വിഭാഗത്തില്‍ പെട്ട സെങ്കണി എന്ന യുവതിയുടെയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ചന്ദ്രുവെന്ന അഭിഭാഷകന്റെയും പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ജയ് ഭീം ഇതിനോടകം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.