കൊച്ചി: നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ത്താവും അറസ്റ്റിലായി. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് അറസ്റ്റ്. ഒളിവില്‍ പോയ തുഷാരക്കും സംഘത്തിനുമായി പോലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു. റെസ്റ്ററന്റില്‍ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് ഒരു സംഘം ജിഹാദികള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നായിരുന്നു തുഷാരയുടെ പ്രചാരണം. നേരത്തേ സംഭവത്തില്‍ അബിന്‍ ബെന്‍സസ്, വിഷ്ണു ശിവദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുഷാരക്കെതിരെ പോലീസ് രണ്ടുവട്ടം കേസെടുത്തിരുന്നു. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് രണ്ടാംവട്ടം ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തത്. കെട്ടിച്ചമച്ച സംഭവമാണെന്നും മാധ്യമശ്രദ്ധ ഉണ്ടാക്കാനുള്ള ശ്രമമാണെന്നും നേരത്തേ പോലീസ് വ്യക്തമാക്കിയിരുന്നു.
ഇന്‍ഫോപാര്‍ക്കിനടുത്ത് നിലംപതിഞ്ഞിമുകളില്‍ ചില്‍സേ ഫുഡ് കോര്‍ട്ടിലെ പാനിപൂരി കൗണ്ടര്‍ തുഷാരയും അജിത്തും കൂട്ടാളികളും ചേര്‍ന്ന് പൊളിച്ചുമാറ്റുകയായിരുന്നു. ചോദ്യം ചെയ്തതിന് കടയുടമയായ ഏലൂര്‍ സ്വദേശി നകുലിനെയും സുഹൃത്ത് ബിനോജ് ജോര്‍ജിനെയും തുഷാരയുടെ നേതൃത്വത്തില്‍ അസഭ്യം പറഞ്ഞു. തുടര്‍ന്ന് ഇരുവരെയും വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്തു.
ഗുരുതര പരിക്കേറ്റ ബിനോജ് എറണാകുളത്തെ സ്വകാര്യ ആശുപതിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ ബിനോജിന് ഡോക്ടര്‍മാര്‍ ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. തുഷാര, ഭര്‍ത്താവ് അജിത്ത്, സുഹൃത്ത് അപ്പു എന്നിവരും കൂട്ടാളികളും ചേര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്.
പിന്നീട് കേസ് വഴിതിരിച്ച് വിടാനും മാധ്യമശ്രദ്ധ നേടാനുമായി ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഫുഡ്കോര്‍ട്ടിലെ സി.സി ടി.വി കാമറകള്‍ തിരിച്ചുവെച്ചതും പരിസരത്തുനിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതും ആസൂത്രണത്തിന് തെളിവാണെന്ന് അവര്‍ വിശദീകരിക്കുന്നു.