തിരുവനന്തപുരം:കോവിഡ് രോഗികളുമായി സമ്പർക്ക പട്ടികയിലില്ലാതിരുന്നിട്ടും സംസ്ഥാനത്ത് അഞ്ചിനും 17നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളിൽ മൂന്നിലൊന്ന് പേർക്കും ശതമാനം പേർക്കും കൊവിഡ് വന്നു പോയതായി സെറോ സർവ്വേ. രോഗം വന്ന കുട്ടികൾക്ക് ഗുരുതര പ്രശ്നങ്ങളുണ്ടായില്ലെന്നത് സ്കൂൾ തുറക്കുന്ന വേളയിലെ ആശ്വാസ കണക്കാണ്. സ്കൂൾ തുറക്കുമ്പോൾ നിർണായകമാവുന്ന സെറോ സർവ്വേയിലെ കുട്ടികളെ കുറിച്ചുള്ള പ്രധാന കണ്ടെത്തലുകൾ നോക്കാം.
സെറോ സർവ്വേ പ്രകാരം കുട്ടികളിലാണ് ഏറ്റവും കുറവ് കോവിഡ് വന്നിട്ടുള്ളത്. 40.2 ശതമാനം. ഇത് മുഴുവനും രോഗം വന്നു പോയവരാണ്.
കോവിഡ് രോഗികളുമായി സമ്പർക്കവുമില്ലാത്ത 1366 കുട്ടികളെ പരിശോധിച്ചപ്പോൾ 526 പേർ രോഗം വന്നവരായിരുന്നു. ഇതിൽ 38.5 ശതമാനം കുട്ടികൾക്ക് സൂചന പോലും കിട്ടാതെ രോഗം വന്നുപോയി. വലിയ പ്രശ്നങ്ങൾ കോവിഡ് കുട്ടികളിലുണ്ടാക്കിയില്ല.
കോവിഡ് വന്നുപോയിട്ടും 5.9 ശതമാനം കുട്ടികൾക്ക് ആന്റിബോഡി ഇല്ല. ആന്റിബോഡി പതിയെ ഇല്ലാതാവുന്നുണ്ടെന്നോ ആവശ്യമായ അളവിൽ ആന്റിബോഡി രൂപപ്പെടുന്നില്ലെന്നോ ആണ് ഇത് സൂചിപ്പിക്കുന്നത്. ഇതൽപ്പം ഗൗരവമുള്ള കാര്യമാണ്.
വീടുകളിൽ നിന്നാണ് 65.1 ശതമാനം കുട്ടികൾക്കും കോവിഡ് വന്നത്.
അഞ്ച് മുതൽ എട്ട് വയസ്സ് പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതൽ കോവിഡ് വന്നത്. 15നും 17നും ഇടയ്ക്ക് പ്രായമുള്ളവരിലാണ് ഏറ്റവും കുറവ്.
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾക്കാണ് കൂടുതൽ രോഗബാധ. 43.5% പെൺകുട്ടികൾക്കും 36.6% ആൺകുട്ടികൾക്കും രോഗം ബാധിച്ചു
നഗരത്തിലെ കുട്ടികളിൽ 46% പേർക്ക് കോവിഡ് വന്നപ്പോൾ ഗ്രാമങ്ങളിൽ 36.7% പേർക്കാണ് കോവിഡ് വന്നത്.
കുട്ടികളിൽ കൂട്ടത്തോടെ രോഗബാധയുണ്ടാകുമോയെന്നാണ് സ്കൂൾ തുറക്കുമ്പോഴുള്ള പ്രധാന ആശങ്ക. സംസ്ഥാനത്ത് 47 ലക്ഷത്തോളം വിദ്യാർത്ഥികളുണ്ട്. ഇതിൽ പകുതി എന്ന കണക്കെടുത്താലും 23 ലക്ഷം കുട്ടികളെങ്കിലും ഒരേസമയം പുറത്തിറങ്ങി, സ്കൂളുകളിൽ, കേന്ദ്രീകരിക്കാൻ പോവുന്നത്. കോവിഡ് കാലത്ത് സർക്കാരെടുക്കാൻ പോകുന്ന ഏറ്റവും വലിയ റിസ്ക് സ്കൂൾ തുറക്കാലാണെന്നതിൽ സംശയമില്ല. കർശനമായ പ്രോട്ടോക്കാൾ പാലിച്ച് മുന്നോട്ടു പോയാൽ കൊവിഡിനെ കീഴടക്കാം എന്നതാണ് ആത്മവിശ്വാസം.