തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പനയ്ക്കുള്ള വിര്‍ച്വല്‍ ക്യൂ ആപ്പിന് പേരായി. ബെവ്ക്യു (BEVQ) എന്നാണ് ആപ്പിന്റെ പേര്. ആപ്പ് ഉടന്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് ഫെയര്‍കോഡ് അറിയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെ മദ്യ വിതരണത്തിനായി സ്റ്റാര്‍ട്ടപ്പ് കമ്പനി വികസിപ്പിച്ച മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ സമര്‍പ്പിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പ് ഉപയോഗിച്ച ശേഷമാകും ഉപയോഗിക്കാന്‍ കഴിയുക. വ്യാഴാഴ്ച മുതല്‍ ആപ്പ് ഉപയോഗിച്ച് മദ്യവിതരണം ആരംഭിക്കാനാവുമെന്നായിരിന്നു ആദ്യ കണക്കുകൂട്ടല്‍. സാങ്കേതിക തടസത്തെ തുടര്‍ന്ന് അത് വീണ്ടും നീണ്ടു പോകുകയായിരിന്നു. ശനിയാഴ്ചത്തേക്ക് മദ്യവിതരണം ഉണ്ടായേക്കുമെന്നാണ് വിവരം.
സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയര്‍ പാര്‍ലറുകളുടെയും വിശദാംശങ്ങളാണ് ആപ്പില്‍ സജ്ജമാക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ പ്ലേ സ്റ്റോര്‍ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ആപ്പിലേക്ക് പ്രവേശിച്ചാല്‍ ആദ്യം ജില്ല തെരഞ്ഞെടുക്കണം. തുടര്‍ന്ന് മദ്യം ബുക്ക് ചെയ്യുന്ന ആള്‍ക്ക് ഏത് സ്ഥലത്താണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തെരഞ്ഞെടുക്കാം. നല്‍കുന്ന പിന്‍കോഡിന്റെ പരിധിയില്‍ ഔട്ട് ലെറ്റുകള്‍ ഇല്ലെങ്കില്‍ മറ്റൊരു പിന്‍കോഡ് നല്‍കി വീണ്ടും ബുക്ക് ചെയ്യണം.
വെര്‍ച്വല്‍ ക്യൂ വഴി മദ്യം വിതരണം ചെയ്യാന്‍ 511 ബാറുകളും 222 ബീയര്‍, വൈന്‍ പാര്‍ലറുകളും സര്‍ക്കാരിനെ താല്‍പര്യം അറിയിച്ചിരുന്നു. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാകും വിതരണം. നേരത്തെ ബെവ്കോ രാത്രി 9 വരെ പ്രവര്‍ത്തിച്ചിരുന്നു. വെര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യവിതരണത്തിന്റെ നടത്തിപ്പും പ്രവര്‍ത്തനവും ബെവ്കോ മാനേജിങ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കും. ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മാര്‍ഗരേഖയും അദ്ദേഹം തന്നെ തയ്യാറാക്കും.
ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതാത് കേന്ദ്രങ്ങളിലെത്തിയാല്‍ മദ്യം ലഭിക്കും. ആപ്പ് ഉപയോഗിക്കാൻ അറിയാത്തവര്‍ക്ക് വേണ്ടി മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും മദ്യം വാങ്ങാവുന്നതാണ്.ഒരാള്‍ക്ക് പരമാവധി 3 ലീറ്റര്‍ വരെ മദ്യമാണ് ലഭിക്കുക. മദ്യം വാങ്ങാൻ എത്തുന്നവര്‍ സാമൂഹിക അകലം അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം.