FeaturedHome-bannerKeralaNews

എസ്.എസ്.എല്‍.സി,പ്ലസ് ടു,യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ വീണ്ടും മാറ്റി

തിരുവനന്തപുരം: മെയ് 26 ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ ആദ്യവാരം പരീക്ഷ നടത്താനാണ് ആലോചന. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കേന്ദ്രത്തിന്റെ ഇടപെടലാണ് തീരുമാനം മാറ്റുന്നതിന് ഇടയാക്കിയതെന്നാണ് സൂചന. പരീക്ഷ നടത്തിപ്പുകളുമായി ബന്ധപ്പെട്ട് ജൂൺ ആദ്യവാരം ഒരു മാർഗനിർദേശം പുറത്തിറക്കുമെന്ന് സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തിലാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

മേയ് 26ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. കേന്ദ്രത്തിന്റെ മാർഗനിർദേശം പുറത്തുവന്നശേഷം പുതിയ തീയതി തീരുമാനിക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകൾ കേന്ദ്രത്തിന്റെ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്നാണ് മേയ് 26ന് നടത്താൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. കേരളത്തിനു പുറത്തുനിന്നെത്തുന്നവർക്കൊഴികെ സമ്പർക്കമൂലമുള്ള കോവിഡ് വ്യാപനം കാര്യമായി റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് പരീക്ഷ നടത്താനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടപോയത്.

പരീക്ഷ നടത്തിപ്പിനെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പരീക്ഷ നടത്തുന്നതിൽനിന്ന് പിന്നോട്ടുപോകില്ലെന്നും ആർക്കും ആശങ്കയുടെ ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിൽ പൊടുന്നനെ തീരുമാനം മാറ്റുകയായിരുന്നു.

അതിനിടെ പരീക്ഷ നടത്തിപ്പിനുള്ള നടപടികളുമായി പൊതുവിദ്യാഭ്യാസവകുപ്പും മുന്നോട്ടുപോയിരുന്നു.അതത് ജില്ലകളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനായി ഓണ്‍ലൈന്‍ രജ്‌സ്‌ട്രേഷനുള്ള സജ്ജികരണങ്ങളും പൂര്‍ത്തിയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button