തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ നിന്ന് യാത്രക്കാരുമായി രണ്ടാമത്തെ തീവണ്ടി തിരുവനന്തപുരത്ത് എത്തി. ആകെ 297 യാത്രക്കാരാണ് ട്രെയിനിലെത്തിയത്. സ്‌പെഷ്യല്‍ രാജധാനി എക്‌സ്പ്രസ് രാവിലെ 5.10നാണ് തലസ്ഥാനത്തെത്തിയത്.
സംഘത്തില്‍ 36 തമിഴ്‌നാട് സ്വദേശികളുമുണ്ടായിരുന്നു. സ്റ്റേഷനില്‍ പ്രാഥമിക ആരോഗ്യ പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഒന്‍പത് കെ എസ് ആര്‍ ടി സി ബസുകളിലായി യാത്രക്കാരെ അവരവരുടെ സ്ഥലങ്ങളിലെ കൊറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.
348 യാത്രക്കാര്‍ തമ്പാനൂരില്‍ ട്രെയിനിറങ്ങി. പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള പത്തനംതിട്ട സ്വദേശിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 20 അംഗ സംഘമായി ആളുകളെ ട്രെയിനില്‍ നിന്ന് ഇറക്കി, പതിനഞ്ച് കൗണ്ടറുകളിലായിട്ടാണ് പരിശോധന നടത്തിയത്. നാല് ഗേറ്റുകളിലൂടെയാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്. 58 തമിഴ്‌നാട് സ്വദേശികളെ തമിഴ്‌നാട് ബസില്‍ നാട്ടിലേക്കു അയച്ചു.
കോഴിക്കോട്ട് 252 യാത്രക്കാരാണ് ഇറങ്ങിയത്. ഇതില്‍ രോഗലക്ഷണമുള്ള ആറ് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. 411 യാത്രക്കാരാണ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇറങ്ങിയത്. ലക്ഷദ്വീപില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ടായിരുന്നു. കൊവിഡ് ലക്ഷണമുള്ള ആരും സംഘത്തിലുണ്ടായിരുന്നില്ല. റെയില്‍വേ സ്റ്റേഷനുകളില്‍ സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസുകളിലും ടാക്‌സികളിലുമാണ് യാത്രക്കാരെ വീടുകളിലേക്ക് മടക്കിയത്.