‘ഉംപുന്‍’ അതിതീവ്രചുഴലിക്കാറ്റായി ആഞ്ഞടിയ്ക്കും ,മൂന്നു സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
ന്യൂഡല്‍ഹിബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ഉം-പുന്‍’ ചുഴലിക്കാറ്റ് (Super Cyclone) മണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-കിഴക്ക് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 19 മെയ് 2020 ന് രാവിലെ 5.30 ന് 15.6°N അക്ഷാംശത്തിലും 86.7°E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഒഡീഷയിലെ പരാദീപ് (Paradip) തീരത്ത് നിന്ന് ഏകദേശം 520 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയില്‍ (South Digha) നിന്ന് 670 കി.മീയും ദൂരെയാണിത്. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 222 കി.മീയുടെ മുകളിലാകുന്ന സിസ്റ്റങ്ങളെയാണ് സൂപ്പര്‍ ചുഴലിക്കാറ്റെന്ന് (Super Cyclonic Storm) വിളിക്കുന്നത്.
അടുത്ത മണിക്കൂറുകളില്‍ തീവ്രത കുറഞ്ഞു ‘ഉം-പുന്‍’ വീണ്ടും അതിതീവ്ര ചുഴലിക്കാറ്റ് കാറ്റഗറി ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറില്‍ 167കി.മീ മുതല്‍ 221 കിമീ വരെ ആകുന്ന സിസ്റ്റങ്ങളെയാണ് അതിതീവ്ര ചുഴലിക്കാറ്റെന്ന് (Extremely Severe Cyclonic Storm) വിളിക്കുന്നത്. 2020 മെയ് 20 ന് ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകള്‍ എന്നിവക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും തീരപതന (Landfall) സമയത്ത് മണിക്കൂറില്‍ 155 മുതല്‍ 185 കിമീ വരെ വേഗതയുണ്ടാകുമെന്നും കണക്കാക്കുന്നു.
ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും തുടര്‍ന്നുള്ള അപ്ഡേറ്റുകള്‍ ശ്രദ്ധിക്കുക. പുറപ്പെടുവിക്കുന്ന മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം കര്‍ശനമായി പാലിക്കുക.
അടുത്ത 24 മണിക്കൂറില്‍ കേരള തീരത്ത് നിന്ന് മല്‍സ്യ ബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ല
കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനം കൂടി പരിഗണിച്ച് കൊണ്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും ‘യെല്ലോ’ അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മിമീ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
അടുത്ത മൂന്ന് മണിക്കൂറിനിടെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*