തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ കുട ചൂടിയുള്ള യാത്ര ഇനി മുതൽ ശിക്ഷാർഹം. വാഹനം ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടി യാത്ര ചെയ്യാൻ പാടില്ല. ഗതാഗത കമ്മിഷണർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്ത് കുടചൂടിയുള്ള ഇരുചക്രവാഹന യാത്രകളെ തുടർന്നുള്ള അപകടങ്ങൾ വർധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.
മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 177.എ പ്രകാരം ഇരുതക്രവാഹനങ്ങളിൽ കുട ചൂടിയുള്ള യാത്ര ശിക്ഷാർഹമാണ്. ആയിരം രൂപ മുതൽ അയ്യായിരം രൂപ വരെ പിഴ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. അതേസമയം ഗതാഗത കമ്മിഷണർ പുറത്തിറക്കിയ ഉത്തവിൽ പിഴയെക്കുറിച്ചുള്ള വ്യക്ത വരുത്തിയിട്ടില്ല.
മഴക്കാലത്തുൾപ്പെടെ ഇരുചക്രവാഹനയാത്രക്കാർ കുട ചൂടി യാത്ര ചെയ്യുന്നത് പതിവാണ്. വാഹനം മുന്നോട്ട് നീങ്ങുമ്പോഴുള്ള കാറ്റിൽ കുട പിന്നിലേക്ക് പാറിപ്പോകുന്നതും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും യാത്രക്കാർക്ക് മരണം വരം സംഭവിക്കുന്നതുമായ അപകടങ്ങൾ വർധിക്കുന്നത് കൂടി കണക്കിലെടുത്താണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.