തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുപുറം പഞ്ചായത്തിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. തിരുപുറം മണ്ണക്കല്‍ സ്വദേശിയായി 62 വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നിനാണു രോഗം സ്ഥിരീകരിച്ചത്.
തുടര്‍ന്ന് പരണിയം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ തിരുപുറം പഞ്ചായത്തിന്റെ സഹായത്തോടെ മണ്ണക്കല്ലിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രദേശത്ത് സ്പ്രേയിങ് കൊതുക് ഉറവിട നശീകരണം, ഫീവര്‍ സര്‍വേ തുടങ്ങിയവയും നടത്തി. പ്രദേശവാസികള്‍ക്കു കൊതുകു വലകളും വിതരണം ചെയ്തു.
ഈഡീസ് എന്ന വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് സിക വൈറസ് പ്രധാനമായും പരത്തുന്നത്. ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകുന്ന രോഗവാഹകരാണ് ഈ കൊതുകുകള്‍. ഈഡിസ് കൊതുകുകള്‍ പൊതുവെ പകല്‍ സമയത്താണ് കടിക്കാറുള്ളതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അതിരാവിലെയും സന്ധ്യാസമയത്തുമാണ് കൂടുതലായി ഈ കൊതുകുകള്‍ സജീവമാകാറുള്ളത്.
ഗര്‍ഭിണികള്‍ക്ക് സിക വൈറസ്ബാധ ഉണ്ടായാല്‍ അത് ഗര്‍ഭസ്ഥശിശുക്കളിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. അവരില്‍ വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാന്‍ ഈ വൈറസ് ബാധ കാരണമായേക്കാം. നവജാത ശിശുക്കളില്‍ തലച്ചോറിനുണ്ടാകുന്ന മൈക്രോസെഫലി എന്നറിയപ്പെടുന്ന വൈകല്യത്തിനും സിക വൈറസ് മൂലമുള്ള അണുബാധ കാരണമായേക്കാം. ഗര്‍ഭിണികളില്‍ മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭം അലസല്‍ തുടങ്ങിയ സങ്കീര്‍ണതകള്‍ക്കും സിക്ക രോഗം കാരണമാകാന്‍ സാധ്യതയുണ്ട്. യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം രോഗബാധിതരില്‍ നിന്ന് ലൈംഗികപങ്കാളികളിലേക്ക് വൈറസ് പകരാനുള്ള സാധ്യതയുണ്ട്. ലൈംഗികബന്ധം കൂടാതെ രക്തം കൈമാറ്റം ചെയ്യുന്നതിലൂടെയും അവയവ കൈമാറ്റത്തിലൂടെയുമൊക്കെ രോഗബാധിതരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകര്‍ന്നേക്കാം.
1947-ല്‍ ഉഗാണ്ടയില്‍ കുരങ്ങുകള്‍ക്കിടയിലാണ് സിക വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് 1952-ല്‍ ഉഗാണ്ട, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ മനുഷ്യരിലും സിക്കയെ കണ്ടെത്തി. അതിനുശേഷം ആഫ്രിക്ക, അമേരിക്ക, ഏഷ്യ, പസഫിക് മേഖലകളില്‍ സിക്ക വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2007-ല്‍ യാപ് ദ്വീപിലാണ് സിക്ക വ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2013-ല്‍ ഫ്രഞ്ച് പോളിനേഷ്യയില്‍ സിക വൈറസിന്റെ വന്‍തോതിലുള്ള വ്യാപനം ഉണ്ടായി.
2015-ല്‍ ബ്രസീലില്‍ ഉണ്ടായ സിക വ്യാപനം വലിയ തോതില്‍ ഭീതി സൃഷ്ടിക്കുകയും ലോകത്തെമ്പാടും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു. അധികം വൈകാതെ യു എസ്, ആഫ്രിക്ക എന്നിവിടങ്ങളിലും ലോകത്തിലെ മറ്റു പ്രദേശങ്ങളിലും സിക്ക ബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ലോകാരോഗ്യ സംഘടന നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം ലോകത്ത് ആകെ 86 രാജ്യങ്ങളില്‍ സിക വൈറസ് മൂലമുള്ള രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നേരിയ പനി, ശരീരത്തില്‍ തിണര്‍പ്പ്, ചെങ്കണ്ണ്, പേശിവേദന, സന്ധിവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ സിക ബാധിതരില്‍ കണ്ടുവരുന്നുണ്ട്. സിക്ക വൈറസ് രോഗത്തിന്റെ ഇന്‍ക്യൂബേഷന്‍ കാലാവധി 3 മുതല്‍ 14 ദിവസങ്ങള്‍ വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ സാധാരണ ഗതിയില്‍ രണ്ടു മുതല്‍ ഏഴു ദിവസങ്ങള്‍ വരെ കണ്ടുവരുന്നു. എന്നാല്‍, സിക വര്‍ഗം ബാധിച്ച ഭൂരിഭാഗം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകാറില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിക്കുന്നു. രക്ത പരിശോധനയിലൂടെയോ മറ്റു ശരീര ദ്രവങ്ങളായ മൂത്രം, ശുക്ലം എന്നിവയുടെ പരിശോധനയിലൂടെയോ ആണ് സിക്ക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുക.
സിക വൈറസ്ബാധയ്ക്കെതിരെ പ്രേത്യേക വാക്‌സിനുകളോ മരുന്നുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല, രോഗലക്ഷണങ്ങളെയാണ് ചികിത്സിച്ചു വരുന്നത്. രോഗബാധിതര്‍ നന്നായി വിശ്രമിക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ നന്നായി വെള്ളം കുടിക്കണം. പനിയും തലവേദനയും കുറയ്ക്കാന്‍ മരുന്ന് കഴിക്കണം. കോവിഡിന്റെ കാര്യത്തിലേത് പോലെ സിക വൈറസ് ബാധ തടയാന്‍ ആളുകള്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പെരുമാറ്റച്ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്.
നിങ്ങള്‍ക്ക് സിക രോഗം സ്ഥിരീകരിച്ചാല്‍ നിങ്ങളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും രക്തം, ഉമിനീര്‍, ശുക്ലം തുടങ്ങിയ നിങ്ങളുടെ ശരീരദ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നില്ലെന്ന് ഉറപ്പു വരുത്തുക. രോഗബാധിതര്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം പാടെ ഒഴിവാക്കണം. നിങ്ങളെയും കുടുംബത്തെയും കൊതുകുകളില്‍ നിന്ന് പൂര്‍ണമായും സംരക്ഷിച്ചു നിര്‍ത്തുക. അതിനായി, കിടക്കയിലും ജനലുകളിലും കൊതുകുവലകള്‍ സ്ഥാപിക്കുക. വീട്ടില്‍ ഗര്‍ഭിണികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക പരിചരണം നല്‍കുക. അവരെ നിങ്ങളില്‍ നിന്ന് പൂര്‍ണമായി അകറ്റിനിര്‍ത്തുകയും കൊതുകുകളില്‍ നിന്ന് സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുക.