മസ്കത്ത്: ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അല്‍ വുസ്‍ത, ദോഫാര്‍ എന്നിവിടങ്ങിലെ ജീവനക്കാരെ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദോഫാര്‍, അല്‍ വുസ്‍ത ഗവര്‍ണറേറ്റുകളില്‍ ഒഴികെയുള്ള സര്‍ക്കാര്‍ ഭരണ മേഖലയിലെ ജീവനക്കാര്‍ക്കും നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഒക്ടോബര്‍ മൂന്ന്, നാല് തീയ്യതികളില്‍ ഔദ്യോഗിക അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്./
വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുകയാണിപ്പോള്‍. ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതല്‍ 82 നോട്സ് ആയി ഉയര്‍ന്നെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നിന്നും 500 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ നിലകൊള്ളുന്നതെന്ന് ഒമാനി മെട്രോളജിക്കല്‍ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. ഷഹീന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒമാന്‍ ദേശീയ ദുരന്തനിവാരണ സമിതി എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. മസ്‌കത്ത് മുതല്‍ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകള്‍ വരെയുള്ള തീരപ്രദേശങ്ങളിലേക്ക് ഷഹീന്‍ ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.