കൊച്ചി: മാധ്യമപ്രവര്‍ത്തകരായ റോയ് മാത്യുവിനും, വിനു വി ജോണിനുമെതിരെ നിയമ നടപടിക്കൊരുങ്ങി മാധ്യമപ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയുടെ ഭാര്യ അഡ്വ. മനീഷ രാധാകൃഷ്ണന്‍. ഇന്നലെ ഏഷ്യാനെറ്റില്‍ വിനു വി ജോണ്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു അഡ്വ. മനീഷ രാധാകൃഷ്ണനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. ഈ വിഷയത്തിലാണ് മനീഷ നിയമ നടപടിക്കൊരുങ്ങുന്നത്. മനീഷ പോലീസില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. അഭിഭാഷകയെന്ന നിലയില്‍ പരാതിയുമായി ഏത് അറ്റം വരെയും പോകുമെന്നും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും മനീഷ പറഞ്ഞു. യെന്നും മനീഷ അറിയിച്ചു.
കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷം എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യത്തെ കുറിച്ചും മനീഷ പ്രതികരിച്ചു. അത് തന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങളല്ലെന്ന് മനീഷ പറയുന്നു. കുറേ ദിവസങ്ങളായി എന്റെ മകളുടെ പിറന്നാള്‍ ആഘോഷം എന്ന പേരില്‍ ഒരു ദൃശ്യം പ്രചരിക്കുന്നത്. എന്നാല്‍ അത് എന്റെ മകളുടെ പിറന്നാള്‍ ആഘോഷമല്ല. പ്രവാസി മലയാളി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ആന്വല്‍ മീറ്റ് ജനുവരിയില്‍ ബോള്‍ഗാട്ടിയില്‍ വച്ച് സംഘടിപ്പിച്ചിരുന്നു.
എന്റെ ഭര്‍ത്താവും മാധ്യമപ്രവര്‍ക്കനുമായ സഹിന്‍ ആന്റണിയെ ആദരിക്കുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്. അന്ന് സഹിന്‍ ആന്റണിയുടെ പിറന്നാള്‍ കൂടിയായിരുന്നു. ചടങ്ങിന്റെ അവതാരക അപ്രതീക്ഷിതമായി പിറന്നാളിന്റെ കാര്യം സ്റ്റേജില്‍ അനൗണ്‍സ് ചെയ്യുകയും, സഹിന്റെ പിറന്നാള്‍ അവിടെ വച്ച് ആഘോഷിക്കാന്‍ പോവുകയാണെന്നും അനൗണ്‍സ് ചെയ്തു. അങ്ങനെയാണ് അവിടെ വച്ച് കേക്ക് മുറിക്കുന്നത്. വേദിയില്‍ കേക്ക് കണ്ടപ്പോള്‍ എന്റെ മകള്‍ അവിടേക്ക് ഓടിക്കയറുകയായിരുന്നുവെന്നും മനീഷ പറഞ്ഞു.
തന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷമെന്ന നിലയില്‍ കുട്ടിയുടെ മുഖം വ്യക്തമാകുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയെല്ലാം ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസില്‍ പരാതി നല്‍കിയെന്നും മനീഷ പറഞ്ഞു. ബാലാവകാശ കമ്മീഷനിലും, വനിതാ കമ്മീഷനിലും പരാതി നല്‍കുമെന്നും മനീഷ വ്യക്തമാക്കി.
മനീഷയുടെ വാക്കുകള്‍ സ്ഥിരീകരിച്ച് പ്രവാസി മലയാളി ഫെഡറേഷന്‍ പ്രസിഡന്റ് ജോസ് കാനാട്ടും രംഗത്തെത്തിയിട്ടുണ്ട്. പ്രചരിക്കുന്ന ദൃശ്യത്തില്‍ താനുമുണ്ടെന്നും അത് സഹിന്‍ ആന്റണിയെ ആദരിക്കുന്ന ചടങ്ങിനിടെയുള്ള ദൃശ്യങ്ങളാണെന്നും ജോസ് കാനാട്ട് വ്യക്തമാക്കി.
സംഭവത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തക സുനിത ദേവദാസും രംഗത്തെത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ റോയ് മാത്യു സഹിന്‍ ആന്റണിയുടെ കുഞ്ഞിന്റെ പിതൃത്വം ചോദ്യം ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയി. മാതൃക മാധ്യമപ്രവര്‍ത്തനം എന്നും പറഞ്ഞു കൊണ്ട് വിനു വി ജോണും റോയ് മാത്യുവുമൊക്കെ കൂടിയിരുന്നു പരദൂഷണം പറയുന്നത് എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. ആ സ്റ്റേറ്റ്‌മെന്റ് പിന്‍വലിച്ചു റോയ് മാത്യവും ചാനലും മാപ്പ് പറയണം. എല്ലാ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും വേണ്ടി കേരളം ഇത് ആവശ്യപ്പെടണം. ഇവിടെ സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ, അന്തസോടെ ജീവിക്കാന്‍ കഴിയണം സുനിത ദേവദാസ് ഫേസ്ബുക്കില്‍ കുറിച്ചു.