ന്യൂഡൽഹി:തലസ്ഥാനനഗരിയെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ന് രോഹിണി ജില്ലാ കോടതിമുറിയില്‍ വെടിവെപ്പും പിന്നാലെ കൊലയും നടന്നത്.വെടിയുതിര്‍ത്തും കൊല്ലപ്പെട്ടതും കുറ്റകൃത്യങ്ങളുടെ ലോകത്ത് ഒരിക്കല്‍ തോളോട് ചേര്‍ന്ന് നടന്ന രണ്ടുപേര്‍, ടില്ലു താജ്പൂരിയും ജിതേന്ദര്‍ ഗോഗിയും. വര്‍ഷങ്ങളുടെ പഴക്കമുണ്ട്, ഗോഗിയുടെയും ടില്ലുവിന്റെയും പ്രതികാരത്തിന്റെ കഥയ്ക്ക്.
കൗമാരകാലം മുതല്‍ അടുത്തസുഹൃത്തുക്കളായിരുന്നു ഗോഗിയും ടില്ലുവും.പഠനം ഉപേക്ഷിച്ച് കൂടുതല്‍ പണം സമ്പാദിച്ച് ആര്‍ഭാടജീവിതം നയിക്കാനാണ് ഇരുവരും കുറ്റകൃത്യങ്ങളിലേക്ക് പ്രവേശിച്ചത്. പണം കുമിഞ്ഞു കൂടിയപ്പോള്‍, ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളും ഉടലെടുത്തു. അധികം താമസിച്ചില്ല, സുഹൃദ് ബന്ധം അവസാനിപ്പിച്ച് രണ്ടു സംഘങ്ങളായി തിരിഞ്ഞ ഗോഗിയെയും ടില്ലുവിനെയുമാണ് പിന്നീട് തലസ്ഥാനം കണ്ടത്.
ഇരുവരുടെയും മനസില്‍ പക ഉടലെടുത്തതോടെ പരസ്പരം കൊല്ലാനുള്ള ശ്രമങ്ങളും നടന്നു. 2018നും 2020നും ഇടയിലായി 30ഓളം ഗുണ്ടകള്‍ ഇരുഭാഗത്ത് നിന്നായി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ ഭൂരിഭാഗവും ടില്ലുവിന്റെ സംഘത്തില്‍പ്പെട്ടവരാണെന്നാണ് പൊലീസ് രേഖകളില്‍ പറയുന്നത്.
ഇതിനിടെയാണ് തീഹാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഗോഗിയെ രോഹിണി ജില്ല കോടതിയില്‍ ഹാജരാക്കുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ടില്ലുവിന്റെ സംഘത്തില്‍പ്പെട്ടവര്‍ സ്ഥലത്തെത്തിയത്. കൊലപാതകത്തിന് കൃത്യമായ ആസൂത്രണമാണ് അവര്‍ നടത്തിയത്. അഭിഭാഷകവേഷം ധരിച്ചാണ് ടില്ലുവിന്റെ അനുയായികള്‍ കോടതിക്കുള്ളില്‍ പ്രവേശിച്ചതും, ഗോഗിക്ക് നേരെ വെടിയുതിര്‍ത്തതും. കോടതിയിലെ 206ാം നമ്പർ മുറിയിലാണ് ഇന്ന് വെടിവെപ്പ് നടന്നത്.
പണം സമ്പാദിക്കാന്‍ എന്ത് ക്രൂരതയും കാണിക്കാന്‍ മടിക്കാത്ത കുറ്റവാളി എന്നാണ് ഗോഗിയെ ഡല്‍ഹി പൊലീസ് വിശേഷിപ്പിക്കുന്നത്.പത്തൊമ്പതിലധികം കൊലപാതകം, നിരവധി കൊലപാതകശ്രമങ്ങള്‍, വ്യവസായികളെ തട്ടിക്കൊണ്ടുപോകല്‍, കള്ളക്കടത്ത്, വാഹനമോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ജിതേന്ദര്‍.
2010ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ചാണ് ജിതേന്ദര്‍ കുറ്റകൃത്യങ്ങളിലേക്ക് കടന്നത്. ഏതു വിധത്തിലൂടെയും പണം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു. കൂട്ടിന് ടില്ലുവും. 2010 സെപ്തംബറില്‍ പ്രവീണ്‍ എന്നായാള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഗോഗി പൊലീസിന്റെ നോട്ടപ്പുള്ളിയായത്. അതേവര്‍ഷം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ശ്രദ്ധാനന്ദ കോളേജിലെ തെരെഞ്ഞടുപ്പില്‍ സന്ദീപ്, രവീന്ദര്‍ എന്നീ രണ്ട് പേരെ വെടിവെച്ചു കൊന്നു.
ഈ കേസില്‍ 2011 ഒക്ടോബറില്‍ ഗോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജയില്‍ മോചിതനായ ശേഷം സംഘത്തെ വിപുലീകരിച്ച് കൂടുതല്‍ അക്രമപദ്ധതികള്‍ ആവിഷ്‌കരിക്കുകയും അത് വഴി പണം സമ്ബാദിക്കുകയും ചെയ്തു. 2018ലെ എഫ്‌ഐ ആറിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഹരിയാനയിലെ നാടന്‍പാട്ട് കലാകാരന്‍ ഹര്‍ഷിദ ദാഹിയയെയും അധ്യാപകന്‍ ദീപക്കിനെയും കൊലപ്പെടുത്തിയതും ഗോഗിയും സംഘവുമാണ്.2016ല്‍ പാനിപത്ത് പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയിലേക്ക് കൊണ്ടുപോകും വഴി കസ്റ്റഡിയില്‍നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേകസംഘം ഗോഗിയെയും കൂട്ടാളിയെയും പിടികൂടിയത്.