ന്യൂഡൽഹി:ഇന്ത്യയിൽനിന്ന് കോവിഡ് കുത്തിവെപ്പെടുത്തവർ രാജ്യത്തെത്തിയാൽ പത്തുദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്നുള്ള നടപടിയുമായി ബ്രിട്ടൻ. യാത്രയ്ക്കു മൂന്നുദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാംദിവസവും എട്ടാംദിവസവും കോവിഡ് പരിശോധനയും നടത്തണം. ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ., തുർക്കി, തായ്‌ലാൻഡ്, ജോർദാൻ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് വാക്സിനെടുത്തവർക്കും നിയമം ബാധകമാണ്.
ബ്രിട്ടന്റെ പുതിയ നിയന്ത്രണം വംശവിവേചനമാണെന്ന് വിമർശനമുയർന്നു. ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനെക്കയും ചേർന്ന് വികസിപ്പിച്ച് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സിനാണ് ബ്രിട്ടനിൽ തന്നെ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതിചെയ്യുന്ന വാക്സിൻ ബ്രിട്ടനിലും ഉപയോഗിക്കുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന രാജ്യത്ത് കുത്തിവെച്ചാൽ അതിന് അംഗീകാരം നൽകാത്തതിനെതിരേ വലിയ പ്രതിഷേധമാണുള്ളത്.
വെള്ളിയാഴ്ച ബ്രിട്ടീഷ് വാർത്താ വിശകലന വിദഗ്ധനായ അലക്സ് മാക്കിറാസാണ് പുതിയ നിയന്ത്രണം സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഒപ്പം കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യാത്രാഇളവും നൽകി.നിലവിൽ കോവിഷീൽഡ്, കോവാക്സിൻ, സൈഡസ് കാഡില, മൊഡേണ, സ്പുട്‌നിക് വി, ജോൺസൺ ആൻഡ് ജോൺസൺ, ഓക്സ്ഫഡ്-ആസ്ട്രാ സെനെക്ക (എ.സെഡ്.ഡി.1222) എന്നീ ഏഴു വാക്സിനുകൾക്കാണ് ഇന്ത്യയിൽ അംഗീകാരം. 10 വാക്സിനുകൾ പരീക്ഷണഘട്ടത്തിലാണ്.
നടപടിക്ക് വംശീയവെറുപ്പിന്റെ ഗന്ധമാണ്. കോവിഷീൽഡ് യഥാർഥത്തിൽ ബ്രിട്ടനിലാണ് വികസിപ്പിച്ചതെന്നതും സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ ആ രാജ്യത്തും വിതരണം ചെയ്യുന്നുണ്ടെന്നതും പരിഗണിക്കുമ്പോൾ വിചിത്രമാണിത്.
ബ്രിട്ടന്റെ പുതിയ യാത്രാനിയന്ത്രണംകാരണം എന്റെ പുസ്തകമായ ബാറ്റിൽ ഓഫ് ബിലോങ്ങിങ്ങിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കേംബ്രിജ് യൂണിയനിൽ നടക്കുന്ന ചർച്ചയിൽനിന്ന് പിന്മാറുകയാണ്. രണ്ടു ഡോസും സ്വീകരിച്ച ഇന്ത്യക്കാരോട് ക്വാറന്റീനിൽ പോകാനാവശ്യപ്പെടുന്നത് കുറ്റകരമാണ്. ബ്രിട്ടീഷുകാർ ഇക്കാര്യം പരിശോധിക്കുന്നുണ്ട്