കെയ്റോ: അഫ്ഗാനിസ്ഥാനില്‍ താലിബാന് നേരെ നടന്ന ബോബ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഞായറാഴ്ച നടന്ന ആക്രമണങ്ങളില്‍ താലിബാന്‍കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. തങ്ങളുടെ വാര്‍ത്താ ഏജന്‍സിയായ ആമഖിലൂടെയാണ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരിക്കുന്നത്.
താലിബാന്റെ ശക്തികേന്ദ്രമായ ജലാലാബാദിലാണ് സ്ഫോടനങ്ങള്‍ നടന്നത്. താലിബാന്‍ പട്രോള്‍ വാഹനങ്ങള്‍ക്ക് നേരെ സ്ഫോടനം നടത്തുകയായിരുന്നു. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് ശേഷം, കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
അമേരിക്ക നടത്തിയ തിരിച്ചടിയില്‍, ആക്രമണത്തിന്റെ സൂത്രധാരന്‍ ഉള്‍പ്പെടെയുള്ള ഐഎസ് ഭീകരവാദികളെ വധിച്ചു. അമേരിക്കന്‍ സേനയുടെ സാന്നിധ്യമുണ്ടായിരുന്നപ്പോഴും അഫ്ഗാനില്‍ താലിബാനും ഐഎസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.