കൊല്ലം: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി ഗണേഷ് കുമാര്‍ എം.എല്‍.എ. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ആളെ പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യേണ്ടത് മര്യാദയാണ്. സുരേഷ് ഗോപി എം.പി ചോദിച്ചല്ല സല്യൂട്ട് വാങ്ങേണ്ടതെന്നും പ്രോട്ടോകോള്‍ വാദപ്രതിവാദത്തിന് മാത്രമാണെന്നും ഗണേഷ് കുമാര്‍ എം.എല്‍.എ പ്രതികരിച്ചു.
സല്യൂട്ട് വിവാദത്തെ കുറിച്ച് ഇന്ന് സുരേഷ് ഗോപിയും പ്രതികരിച്ചിരുന്നു പോലീസ് അസോസിയേഷന്‍ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമല്ലെന്നും, പോലീസുകാരുടെ ക്ഷേമത്തിന് വേണ്ടിയാണ് അതെന്നും സുരേഷ് ഗോപി പറഞ്ഞു. അസോസിയേഷന് രാഷ്ട്രീയം കളിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സല്യൂട്ട് തന്നെ അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, എന്നാല്‍ സല്യൂട്ട് നല്‍കുമ്പോള്‍ വിവേചനം കാണിക്കരുതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഉയര്‍ന്ന് വരുന്നത്. സംഭവത്തില്‍ പോലീസ് അസോസിയേഷനും സുരേഷ് ഗോപിയ്‌ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരം എംപിയെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കാനാണ് സുരേഷ് ഗോപി പറഞ്ഞത്. ഒല്ലൂരില്‍ ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴായിരുന്നു വിവാദ സംഭവം ഉണ്ടായത്.
കേരളത്തില്‍ അടുത്തിടെ രണ്ടാം തവണയാണ് പോലീസിന്റെ സല്യൂട്ടടിയുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നത്. നേരത്തെ തൃശൂര്‍ മേയര്‍ വിവാദത്തില്‍പ്പെട്ടിരിന്നു. പോലീസ് മാന്വല്‍ പ്രകാരം എല്ലാ ജനപ്രതിനിധികളെയും സല്യൂട്ട് ചെയ്യേണ്ട ബാധ്യതയില്ലെന്നാണ് പറയുന്നത്. എന്നാല്‍ കീഴ്‌വഴക്കം എന്നോണം മുന്‍ ജനപ്രതിനിധികളെയടക്കം പോലീസുകാര്‍ സല്യൂട്ടടിക്കാറുണ്ട്. രാഷ്ട്രീയ സ്വാധീനം ഭയന്നാണ് ഇത്തരം നടപടികളെന്ന് പറയാം. ഒല്ലൂര്‍ എസ്‌ഐയോട് സുരേഷ് ഗോപി എംപി സല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാവുകയാണ്.
നിര്‍ബന്ധിച്ചുള്ള സല്യൂട്ട് വാങ്ങലിനോട് താല്‍പര്യമില്ലെന്നാണ് പോലീസ് അസോസിയേഷന്റെയും നിലപാട്. എന്നാല്‍ ജനപ്രതിനിധികളെ സല്യൂട്ട് ചെയ്യുന്നത് ജനാധിപത്യത്തെയും പ്രതിനിധികളെയും അംഗീകരിക്കാനാണ്. അത് നിര്‍ബന്ധിതമാകുമ്പോഴാണ് പ്രശ്‌നങ്ങളെന്നും അസോസിയേഷന്‍ നിലപാട് വ്യക്തമാക്കുന്നു.
സല്യൂട്ടടി ഏകപക്ഷീയമായി ഉയര്‍ന്ന റാങ്കിലുള്ളവര്‍ക്ക് നല്‍കുന്ന ആദരമല്ല, മറിച്ച് പരസ്പരം ആദരപൂര്‍വ്വം നല്‍കുന്ന അഭിവാദ്യമാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കം പറയുന്നു. പോലീസ് മാന്വല്‍ പ്രകാരം സല്യൂട്ട് ചെയ്യേണ്ടവരായി പറയുന്നത് ഇവര്‍ക്കൊക്കെയാണ്.
രാഷ്ട്രപതി
പ്രധാനമന്ത്രി
വൈസ് പ്രസിഡന്റ്
ഗവര്‍ണര്‍
മുഖ്യമന്ത്രി
കേന്ദ്രസംസ്ഥാന മന്ത്രിമാര്‍
ഡിജിപി, എഡിജിപി, ഐജി, ഡിഐജി
ദേശീയപതാക, വിവിധ സേനകളുടെ പതാക
യൂണിഫോമിലുള്ള മേലുദ്യോഗസ്ഥര്‍
സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, സെഷന്‍സ് ജഡ്ജ്, ഡിസ്ട്രിക് മജിസ്‌ട്രേറ്റ്
ജില്ലാ പൊലീസ് മേധാവികള്‍, എസ്പിമാര്‍ യൂണിറ്റ് കമന്‍ഡന്റുമാര്‍
ആയുധധാരിയായി ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ (ഉയര്‍ന്ന റാങ്കിലുള്ള പ്രത്യേക സേനാംഗങ്ങള്‍)
സേനകളിലെ കമ്മിഷന്‍ഡ് ഉദ്യോഗസ്ഥര്‍
സൈന്യത്തിലെ ഫീല്‍ഡ് റാങ്ക് ഉദ്യോഗസ്ഥര്‍
ഔദ്യോഗിക ജോലിയിലുള്ള മജിസ്‌ട്രേറ്റുമാര്‍
എസ്‌ഐ ( സമാന റാങ്കുള്ള ഉദ്യോഗസ്ഥര്‍)