മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത മുംബൈ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെയാണ് അദ്ദേഹത്തിന്റെ അഭിഭാഷകനായ ഹരീഷ് സാല്‍വെ ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്.
കേസില്‍ ഈ ആഴ്ച തന്നെ വിധി പറഞ്ഞേക്കുമെന്ന് കോടതി സൂചിപ്പിച്ചു. അതുവരെ അര്‍ണബിനെ അറസ്റ്റ് ചെയുന്നതിനുള്ള വിലക്ക് തുടരും. കേസുകള്‍ മുംബൈയില്‍ നിന്ന് മാറ്റണമെന്ന അര്‍ണബിന്റെ ആവശ്യത്തിലും കോടതി പിന്നീട് ഉത്തരവ് പ്രഖ്യാപിക്കും.
അര്‍ണബിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവിയില്‍ പാല്‍ഘര്‍ ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെക്കുറിച്ചും നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ ഏപ്രില്‍ 28-ന് 12 മണിക്കൂറോളമാണ് അര്‍ണബിനെ ചോദ്യം ചെയ്തത്. മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇവരിലൊരാള്‍ക്കാണു കോവിഡ് എന്നാണ് വിവരം.