ന്യൂഡൽഹി:അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം തുടരുന്നു. കാബൂളിൽ നിന്ന് ഒരു വ്യോമസേന വിമാനം കൂടി ദില്ലിക്ക് തിരിച്ചു. 24 ഇന്ത്യക്കാരും 11 നേപ്പാളി പൗരൻമാരും വിമാനത്തിലുണ്ട്. അതിനിടെ, ദില്ലിയിലെത്തിയ അഫ്ഗാൻ വനിത എംപിയെ തിരിച്ചയച്ചതായി പരാതി ഉയർന്നു. അഫ്ഗാൻ എംപി രംഗിന കർഗറെയെയാണ് വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചത്. നയതന്ത്ര പാസ്പോർട്ട് കാണിച്ചിട്ടും വന്ന വിമാനത്തിൽ തന്നെ തിരിച്ചയച്ചുവെന്നാണ് കാർഗർ പരാതി ഉന്നയിക്കുന്നത്.
താലിബാൻ അധികാരം പിടിച്ച സാഹചര്യത്തിൽ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ക്കു പിന്നാലെ ലോകബാങ്കും അഫ്ഗാനുള്ള ധനസഹായം നിർത്തിവച്ചു. താലിബാന്റെ തിരിച്ചുവരവിനുശേഷം അഫ്ഗാനിൽ ഒരു കോടി കുട്ടികൾ പരിതാപകരമായ അവസ്ഥയിലാണെന്ന് യുഎൻ ഏജൻസിയായ യുനിസെഫ് അറിയിച്ചു. 10 ലക്ഷത്തോളം കുട്ടികൾ പോഷകാഹാരമില്ലാതെ രോഗികളായേക്കാം.
അഫ്ഗാനിൽ 1.4 കോടി പേർ പട്ടിണിയിലാകുമെന്ന് ഐക്യരാഷ്ട്രസംഘടനയുടെതന്നെ വേൾഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്‌ലി പറഞ്ഞു. ഭക്ഷ്യസഹായം എത്തിക്കാനായി 20 കോടി ഡോളർ സമാഹരിക്കാനുള്ള പദ്ധതി തുടങ്ങി.
ഇതിനിടെ, അഫ്ഗാനിസ്ഥാനിലേക്കുള്ള അംബാസഡർ താലിബാനുമായി ചർച്ച നടത്തിയെന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാബൂളിൽ ചൈനീസ് അംബാസഡർ വാങ് യുവും താലിബാൻ രാഷ്ട്രീയ വിഭാഗം ഉപനേതാവ് അബ്ദുൽ സലാം ഹനാഫിയുമാണു ചർച്ച നടന്നത്. ചൈനയും പാക്കിസ്ഥാനും റഷ്യയും മാത്രമാണ് കാബൂളിൽ എംബസി പ്രവർത്തനങ്ങൾ തുടരുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഇന്നലെ അഫ്ഗാൻ സംഭവവികാസങ്ങൾ ഫോണിൽ ചർച്ച ചെയ്തു.
താലിബാൻ രൂപീകരിക്കുന്ന സർക്കാരിൽ മന്ത്രി പദവികളിലേക്ക് മുതിർന്ന നേതാക്കളെ നിശ്ചയിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതേസമയം, ഈ മാസം 31നു ശേഷം ഒഴിപ്പിക്കൽ അനുവദിക്കില്ലെന്ന താലിബാൻ അറിയിപ്പിനു പിന്നാലെ യുഎസ് ചൊവ്വാഴ്ച മാത്രം 19,000 പേരെ അഫ്ഗാനിൽനിന്നു പുറത്തെത്തിച്ചു. ഓഗസ്റ്റ് 14 മുതൽ ഇതുവരെ ആകെ 82,300 പേരെ ഒഴിപ്പിച്ചു.
നടപടി എത്രയും വേഗം പൂർത്തീകരിക്കാനാണു ശ്രമമെന്നും അതു നീണ്ടാൽ ഭീഷണി ഏറുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. രാജ്യം വിടാനായി ഇനിയും പതിനായിരത്തിലധികം പേർ കാബൂൾ വിമാനത്താവളത്തിലുണ്ട്.