മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ കണ്ടിവാലിയിലാണ് സംഭവം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. 14 പേരെ കെട്ടിടത്തില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേന രക്ഷിച്ചു. 12 പേരെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും രണ്ട് പേരെ ഒന്നാം നിലയില്‍ നിന്നുമാണ് രക്ഷിച്ചത്.
ദാല്‍ജി പാണ്ടയ്ക്ക് അടുത്തുള്ള സബ്റിയ മസ്ജിദിന് സമീപത്തെ കെട്ടിടം തകര്‍ന്നു വീണുവെന്നാണ് രാവിലെ ദുരന്ത നിവാരണ സേനക്ക് ലഭിച്ച ഫോണ്‍ കോളില്‍ സൂചിപ്പിച്ചിരുന്നത്. കുടുങ്ങിക്കിടന്ന മൂന്ന് പേരെ അവിടെയുള്ള ആളുകള്‍ തന്നെ രക്ഷിച്ചു. പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഫോണ്‍ കോള്‍ വന്ന ഉടനെതന്നെ ദുരന്തനിവാരണ സേനയുടെ സംഘം സ്ഥലത്തെത്തി. നാല് ഫയര്‍ എഞ്ചിനുകളും ഒരു ആംബുലന്‍സും സംഘത്തിലുണ്ടായിരുന്നു. കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷിച്ചെന്നും ആരും ഭാഗ്യത്തിന് മരിച്ചില്ലെന്നും ദുരന്തനിവാരണസേന ജനറല്‍ സത്യനാരായണ്‍ പ്രധാന്‍ ട്വീറ്ററില്‍ കുറിച്ചു.