കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റീസ് ഫോര്‍ സിസ്റ്റര്‍ ലൂസി കൂട്ടായ്മ നിവേദനം നല്‍കി
തിരുവനന്തപുരം: തിരുവല്ല പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ സന്യാസി വിദ്യാര്‍ത്ഥിനി ദിവ്യ പി.ജോണിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റീസ് ഫോര്‍ സി.ലൂസി (ജെ.എസ്.എല്‍) ആഗോള മലയാളി കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. സഭാ മേധാവികളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ കുറ്റമറ്റ രീതിയില്‍ കേസന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും കൂട്ടായ്മ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
21കാരിയായ ദിവ്യയുടെ മരണം ആത്മഹത്യയല്ല എന്ന് സംശയിക്കാന്‍ തക്ക നിരവധി കാരണങ്ങള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംരക്ഷണ ഭിത്തിയും ഇരുമ്പ് മൂടിയുമുള്ള കിണറ്റിലേക്ക് അബദ്ധത്തില്‍ വഴുതിവീഴുകയോ എടുത്തു ചാടാനോ സാധ്യതയില്ല. ആഴം കുറഞ്ഞതും അരയൊപ്പം മാത്രം വെള്ളമുള്ളതുമായ കിണറ്റിലേക്ക് വീണാല്‍പോലും തലയ്ക്ക് ക്ഷതമേല്‍ക്കാത്ത സാഹചര്യത്തില്‍ അത് മരണകാരണമാകാനിടയില്ല.
ദിവ്യ കിണറ്റിലേക്ക് എടുത്തുചാടുന്നത് കണ്ടു എന്നു പറയുന്ന കന്യാസ്ത്രീ, ബഹളംകൂട്ടി സഹായത്തിനായി ആരെയെങ്കിലും വിളിച്ചതായോ രക്ഷിക്കാന്‍ ശ്രമിച്ചതായോ പറയുന്നില്ല. പോലീസ് എത്തും മുന്‍പ് ആംബുലന്‍സ് വരുത്തിയും മൃതദേഹം സ്വന്തം സഭ വക ആശുപത്രിയിലേക്ക് കൊണ്ടുപോയതും സംശയകരമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മഠം അധികൃതരും രൂപതാനേതൃത്വവും തമ്മില്‍ ശൂഢാലോചന നടത്തി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരുടെ ഫോണ്‍വിളികളും യാത്രകളും നിരീക്ഷണ വിധേയമാക്കണമെന്നും ജെ.എസ്.എല്‍ കൂട്ടായ്മ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെടുന്നു.