കുറ്റ്യാടി:എ.ടി.എം. തകരാർമൂലം പണം നഷ്ടമായ ബാങ്ക് ഉപഭോക്താവിന് 27,500 രൂപ നഷ്ടപരിഹാരം നൽകാൻ ബാങ്കിങ് ഓംബുഡ്സ്മാൻ ഉത്തരവ്. വേളം ശാന്തിനഗർ സ്വദേശിയായ ഒതയോത്ത് വാരിദ് നൽകിയ പരാതിയിലാണ് ഓംബുഡ്സ്മാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
2020 നവംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം. കുറ്റ്യാടിയിലെ സ്വകാര്യബാങ്ക് എ.ടി.എമ്മിൽ പണം പിൻവലിക്കാനെത്തിയ വാരിദ്, മെഷീനിൽ പിൻനമ്പറും തുകയും നൽകി ഏറെ കാത്തിരുന്നെങ്കിലും പണം ലഭിച്ചില്ല. പണം ലഭിക്കാത്തതിനെത്തുടർന്ന് എ.ടി.എം. കേന്ദ്രത്തിൽനിന്ന് തിരിച്ച് പോന്നെങ്കിലും അല്പസമയത്തിനുള്ളിൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി സന്ദേശം ലഭിച്ചു. 9000 രൂപയാണ് നഷ്ടപ്പെട്ടത്.
മെഷീനിൽനിന്ന് പണം ലഭിക്കാതെ പണം നഷ്ടമായത് കാണിച്ച് ബാങ്കിന്റെ ടോൾഫ്രീ ഹെൽപ്ലൈൻ വഴി ഉടൻ പരാതി രജിസ്റ്റർചെയ്തെങ്കിലും മറുപടി ലഭിക്കാത്തതിനെത്തുടർന്ന് ബ്രാഞ്ചിൽ നേരിട്ടുപോയി പരാതി നൽകി. എന്നാൽ, ബാങ്ക് ജീവനക്കാർ ഒഴിവുകഴിവുകൾ പറഞ്ഞ് ഒട്ടറേതവണ വാരിദിനെ തിരിച്ചയക്കുകയായിരുന്നു. നിരന്തര ശ്രമങ്ങൾ നടത്തി ഫലമില്ലാതെ വന്നതോടെ പ്രവാസി കൂടിയായ വാരിദ് വിദേശത്തേക്ക് തിരിച്ചുപോയി.
ഇതിനിടെ വിവരമറിഞ്ഞ സുഹൃത്തിന്റെ നിർദേശാനുസരണമാണ് ബാങ്കിങ് ഓംബുഡ്സ്മാനിൽ ഓൺലൈൻ പരാതി സമർപ്പിക്കുന്നത്. റിസർവ് ബാങ്കിന്റെ ബാങ്കിങ് ഓംബുഡ്സ്മാൻ വെബ്സൈറ്റ് വഴി ജൂൺ 25-ന് സ്വയം രജിസ്റ്റർചെയ്ത പരാതിയിൽ രണ്ടുമാസത്തിനകം വിധി വന്നു. ഉപഭോക്താവിന്റെ പരാതിയിന്മേൽ ഉചിതമായ നടപടി സ്വീകരിക്കാത്തതിനാൽ പണം നഷ്ടപ്പെട്ട ദിവസംമുതൽ പ്രതിദിനം നൂറുരൂപ കണക്കാക്കിയാണ് നഷ്ടപരിഹാരം നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവ് നൽകിയത്. ഇതുപ്രകാരം ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരത്തുകയും അക്കൗണ്ടിൽ ലഭിച്ചതായി വാരിദ് പറഞ്ഞു.